
മമ്മൂട്ടിയുടെ ‘ബസൂക്ക’ ടീസർ പുറത്തിറങ്ങി
- ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ബസൂക്ക
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്കയുടെ ടീസർ പുറത്തിറങ്ങി. ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ‘ബസൂക്ക’. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി.അബ്രഹാമും ഡോൾവിൻ കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടീസറിൻ്റെ ഹൈലൈറ്റ് മമ്മൂട്ടിയുടെ കിടിലൻ ലുക്കും മാസ് ഡയലോഗുകളുമാണ്.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ആണ്. സിദ്ധാർഥ് ഭരതൻ, ബാബു ആൻറണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്‌ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ .ഛായാഗ്രാഹകൻ നിമിഷ് രവി.