മലയാളി മെഡിക്കൽ വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന്  മാതാപിതാക്കൾ

മലയാളി മെഡിക്കൽ വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾ

  • 11 വർഷമായി നീതി ലഭിക്കുന്നതിനായുള്ള നിയമപോരാട്ടത്തിലാണ് ഈ മാതാപിതാക്കൾ

പത്തനംതിട്ട:മലയാളി മെഡിക്കൽ വിദ്യാർഥി 2014ൽ മംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾ. അന്വേഷണ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നാണ് പിതാവിൻ്റെ ആരോപണം. മംഗളുരു എജെ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന കോഴഞ്ചേരി കുഴിക്കാല സ്വദേശി രോഹിത് രാധാകൃഷ്ണനെ (22) തണ്ണീർബാവി ഹൈവേയ്ക്ക് സമീപം 2014 മാർച്ച് 23നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രോഹിത്തിൻ്റെ മരണം കൊലപാതകമാണെന്നു വിശ്വസിക്കുന്ന പിതാവ് രാധാകൃഷ്‌ണൻ തുടക്കം മുതൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2022 ലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്‌ഥലം മാറ്റി.

അന്വേഷണം 3 വർഷം പിന്നിടുമ്പോഴും കേസിനു പുരോഗതിയില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനോ പരിഗണിക്കാനോ സിബിഐ തയാറാകുന്നില്ലെന്നും രാധാകൃഷ്‌ണൻ പറയുന്നു.അമിതവേഗത്തിൽ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രോഹിത് മരിച്ചെന്നായിരുന്നു കർണാടക പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തല വേർപെട്ട നിലയിലായിരുന്നു മൃതദേഹം. മുഖത്തോ തലയ്ക്കോ ചതവുകളോ മുറിവുകളോ ഉണ്ടായിരുന്നില്ല. ബൈക്കിനും കേടുപാടുകൾ സംഭവിച്ചിരുന്നില്ല.

മരണത്തിന് മണിക്കൂറുകൾ മുൻപ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്ന കാര്യങ്ങളും വിശ്വസനീയമല്ലെന്നാണു രാധാകൃഷ്ണൻ പറയുന്നത്. അപകടമരണമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പൊലീസിന്റെയും തുടരന്വേഷണം നടത്തിയ ബെംഗളൂരു സിഐഡിയുടെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ബാറിലെ അഭിഭാഷകനായ രാധാകൃഷ്ണന്റെയും ഡോ. ശ്രീദേവിയുടെയും ഏകമകനാണ് രോഹിത്. 11 വർഷമായി നീതി ലഭിക്കുന്നതിനായുള്ള നിയമപോരാട്ടത്തിലാണ് ഈ
മാതാപിതാക്കൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )