മഴ കുറഞ്ഞു ;കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

മഴ കുറഞ്ഞു ;കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി

  • നിലവില്‍ 43 ദുരിതാശ്വാസ ക്യാംപുകളിലായി 2685 പേര്‍

കോഴിക്കോട് :മഴയുടെ ശക്തികുറയുകയും വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി കുടുംബങ്ങള്‍.

ജില്ലയിലെ നാല് താലൂക്കുകളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ 38 ക്യാംപുകള്‍ ഒഴിവാക്കി. നിലവില്‍ 43 ക്യാംപുകളിലായി കഴിയുന്നത് 2685 ആളുകളാണ്. കോഴിക്കോട് താലൂക്കിലെ കക്കോടി വില്ലേജില്‍ പുതുതായി രണ്ട് ക്യാംപുകള്‍ കൂടി ആരംഭിക്കുകയും ചെയ്തു.

താമരശ്ശേരി താലൂക്കിലെ കാന്തലാട് വില്ലേജില്‍ പെരിയമല ഭാഗത്ത് മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ സമീപത്തെ വീടുകളില്‍ താമസിക്കുന്നവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താമരശ്ശേരി താലൂക്കില്‍ ഒരു വീട് ഭാഗികമായി തകരുകയും ചെയ്തു.

കട്ടിപ്പാറ വില്ലേജിലെ മാവുള്ളപൊയിലിൽ വലിയ പാറക്കല്ലിൻ്റെ ചെറിയൊരു ഭാഗം വേർപെട്ട് താഴേക്ക് പതിച്ചു. പാറയുടെ അരികിലുള്ള ഒരു മരം കടപുഴകുകയും തൊട്ടടുത്ത ഒരു മരം ഭാഗികമായി പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ആളുകളെ നേരത്തെ തന്നെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിരുന്നു.

കോഴിക്കോട് താലൂക്കിലെ 13 ക്യാംപുകളില്‍ 139 കുടുംബങ്ങളില്‍ നിന്നും 386 ആളുകളും താമരശ്ശേരി താലൂക്കിലെ 10 ക്യാംപുകളില്‍ 214 കുടുംബങ്ങളില്‍ നിന്നായി 567 ആളുകളും, കൊയിലാണ്ടി താലൂക്കിലെ 10 ക്യാംപുകളില്‍ 161 കുടുംബങ്ങളില്‍ നിന്നായി 444 പേരും, വടകര താലൂക്കിലെ 10 ക്യാംപുകളില്‍ 350 കുടുംബങ്ങളില്‍ നിന്നുള്ള 1288 ആളുകളുമാണുള്ളത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )