
മാഹി പാലം അടച്ചു
- അറ്റകുറ്റപണിക്കായി 12 ദിവസം അടച്ചിടും
അഴിയൂർ: കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി 12 ദിവസത്തോളം അടച്ചു. മേയ്10 വരെ ഗതാഗതത്തിൽ നിയന്ത്രണം ഏർപെടുത്തിയിരിക്കുകയാണ്. റോഡിലെ ടാറിംഗ് ഇളക്കാനുള്ള ജോലിയാണ് ആദ്യം നടക്കുക. വാഹനഗതാഗതം തടഞ്ഞെങ്കിലും കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സൗകര്യമുണ്ടാകും.
ലോക്കൽ ബസുകൾ ഇരുഭാഗത്ത് നിന്നും പാലം വരെ മാത്രമാണുണ്ടാവുക. വടകര ഭാഗത്ത് നിന്നു വരുന്ന ബസുകൾ മാഹി കെടിസി ജംഗ്ഷനിൽ ആളെ ഇറക്കും. തലശ്ശേരി ഭാഗത്ത് നിന്നു വരുന്ന ബസുകൾ മാഹിപ്പാലം ജംഗ്ഷനിൽ നിന്നു തിരിച്ചു പോവും. ദീർഘദൂര ബസുകൾ ബൈപ്പാസ് റോഡ് വഴിയാണ് പോകേണ്ടത്. വടകര നിന്നു വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലം വഴിയും തലശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടവ ചൊക്ലി- മേക്കുന്ന്- മോന്താൽപാലം വഴിയോ മാഹിപ്പാലത്തിൻ്റെ അടുത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി വഴി മോന്താൽപാലം വഴിയുമാണ് പോകുക.