
മിൽമയുടെ ആദ്യത്തെ പാൽപൊടി നിർമാണ പ്ലാന്റ് മലപ്പുറത്ത്
- ഉൽപ്പാദന ക്ഷമത 10 ടൺ
മലപ്പുറം :ക്ഷീര കർഷകരിൽ നിന്ന് സംഭരിക്കുന്ന പാൽ മിൽമ ഇനി പാൽപൊടിയാക്കി വിപണിയിൽ എത്തിക്കും . മിൽമയുടെ ആദ്യത്തെ പാൽപൊടി നിർമാണ പ്ലാന്റ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂർക്കനാട് 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയരക്ടർ കെ.സി. ജയിംസ് എന്നിവർ അറിയിച്ചു. മിൽമ പാൽപൊടിയുടെ ലോഞ്ചിംഗും ചടങ്ങിൽ നടക്കും. 131.3 കോടി രൂപ ചിലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. ആധുനിക യന്ത്രങ്ങളോടു കൂടിയ പ്ലാന്റിന്റെ നിർമാണം ടെട്രാപാക്കാണ് നിർവ്വഹിച്ചത്. 131.3 കോടിയിൽ രൂപയിൽ 15 കോടി സംസ്ഥാന ക്ഷീര വികസന വകുപ്പിൻ്റെ വിഹിതവും 32.72 കോടി നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടുമാണ്. ബാക്കി തുക മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമാണ്.

പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാകും. കേരളത്തിലെ ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കാനും അത് പാൽപൊടി തുടങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങളായി മാറ്റുന്നതിനുമുള്ള സംവിധാനം ഇവിടെയുണ്ട്.
10 ടണ്ണാണ് ഉത്പാദന ക്ഷമത.കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് ഉണ്ടായേക്കാവുന്ന പാൽ സംഭരണത്തിലെ വ്യത്യാസത്തെ ഒരു പരിധി വരെ സന്തുലിതപ്പെടുത്താനും ഫാക്ടറി പ്രവർത്തനമാരംഭിക്കുന്നതോടെ സാധിക്കും