
മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ ഇന്ന് മുതൽ
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
മുംബൈ:മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ ഇന്ന് ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ ആദ്യ ഭൂഗർഭ മെട്രോ പാതയായ കൊളാബ – ബാന്ദ്ര സ്പീസ് മെട്രോ ലൈൻ 3 ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. പൂർണ്ണമായും ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോലൈൻ നഗരത്തിലെ ഗതാഗതകുരുക്കിന് കുറച്ചെങ്കിലും കുറവുണ്ടാക്കുമെന്നാണ് കരുതുന്നത് . മെട്രോ പാതയ്ക്കൊപ്പം മെട്രോ കണക്റ്റ് 3 എന്ന മൊബൈൽ ആപ്പും പ്രധാനമന്ത്രി പുറത്തിറക്കും.
ആധുനിക സൗകര്യങ്ങളടങ്ങിയ മെട്രോയിലെ യാത്രാനുഭവം വർധിപ്പിക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാറിന്റെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന തുരങ്ക പാതയുടെ നിർമ്മാണം തുടങ്ങിയത് 2017ൽ ആണ്. അന്ന് പ്രതീക്ഷിച്ചിരുന്ന ചിലവ് 27000 കോടി. എന്നാൽ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോഴേക്കും ചിലവ് 37000 കോടി രൂപയിലധികമായി. മെട്രോക്കായി തുരന്നത് മൊത്തം 56 കിലോമീറ്റർ ഭൂമിയാണ്.