
മുണ്ടക്കൈ:ബെയ്‌ലി പാലം പൂർത്തിയായി
- നൂറോളം സൈനികരാണ് പാലം നിർമാണത്തിൽ പങ്കാളികളായത്.
മേപ്പാടി :ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽനിന്ന് നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്ലി പാലം) നിർമാണം പൂർത്തിയായി. ഇനി രക്ഷാപ്രവർത്തനം വേഗത്തിലാകും.
190 അടി നീളത്തിലാണ് പാലം നിർമിച്ചത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ വാഹനങ്ങൾ വഴിയും അല്ലാതെയും എത്തിക്കാനാവും.
ചൂരൽമല അങ്ങാടിയോട് ചേർന്നുള്ള കോൺക്രീറ്റ് പാലം മല വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതോടെയാണ് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശം ഒറ്റപ്പെട്ടത്. നീളം കൂടുതലായതിനാൽ പുഴക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് സൈന്യം പാലം നിർമിച്ചിരിക്കുന്നത്. ഡൽഹിയിൽനിന്നും ബംഗളൂരുവിൽ നിന്നുമാണ് പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചത്. നൂറോളം സൈനികരാണ് പാലം നിർമാണത്തിൽ പങ്കാളി കളായത്.