
മുല്ലപ്പെരിയാർ ഡാമിനു കാഴ്ചയിൽ പ്രശ്നമില്ലെന്ന് മേൽനോട്ട സമിതി
- മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാപരിശോധന നടക്കാനിരിക്കെയാണ് മേൽനോട്ട സമിതിയുടെ റിപ്പോർട്ട്
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാപരിശോധന നടക്കാനിരിക്കെ അണക്കെട്ടിനു കാഴ്ചയിൽ പ്രശ്‌നങ്ങളില്ലെന്നു മേൽനോട്ട സമിതിയുടെ റിപ്പോർട്ട്. കേന്ദ്ര ജലകമ്മിഷൻ ചീഫ് എൻജിനീയർ രാഗേഷ് കാശ്യപ് ചെയർമാനായുള്ള കമ്മിറ്റി ജൂൺ 13നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ സന്ദർശനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിങ്ങും ഇന്റർസ്റ്റേറ്റ് വാട്ടർ ചീഫ് എൻജിനീയർ ആർ.പ്രിയേഷും കമ്മിറ്റിയിലുണ്ട്.
കാവേരി സെൽ ചെയർമാൻ സുബ്രഹ്‌മണ്യം, അഡീഷനൽ ചീഫ് സെക്രട്ടറി സന്ദീപ് സക്സേന എന്നിവരായിരുന്നു തമിഴ്‌നാട് പ്രതിനിധികൾ.
അണക്കെട്ടിനു സാരമായ പ്രശ്‌നങ്ങളുള്ളതായി ആരും സമിതിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. പ്രധാന ഡാമും ബേബി ഡാം, സ്‌പിൽവേ എന്നിവയും പരിശോധിച്ചു. എന്നാൽ, പേരിനൊരു പരിശോധന നടത്തി സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഗണിക്കാത്ത റിപ്പോർട്ടാണ് മേൽനോട്ട സമിതി വർഷങ്ങളായി നൽകുന്നതെന്നു കേരളം ആരോപിക്കുന്നു.