
മുൻകൂർ ജാമ്യം തേടി അഖിൽ മാരാർ
- കേസ് എടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആർഎഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖിൽ മാരാർ ജാമ്യാപേക്ഷയിൽ പറയുന്നു
കൊല്ലം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ അഖിൽ മാരാർ. കൊല്ലം സിറ്റി സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് അഖിൽ മാരാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
ദുരിതാശ്വാസനിധിയിലേക്ക് താൻ പണം നൽകില്ലെന്ന മാരാരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് വിവാദമായത്. പണം നൽകില്ല പകരം ദുരിതബാധിതർക്ക് മൂന്ന് വീട് നിർമ്മിച്ചു നൽകാം എന്നായിരുന്നു അഖിൽ മാരാർ കുറിപ്പിൽ പറഞ്ഞത്. പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.
എന്നാൽ കേസ് എടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആർഎഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖിൽ മാരാർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തിയ വേറെ നാല് പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
CATEGORIES News