
മൂന്നാം മോദി സർക്കാർ ഇന്ന് അധികാരത്തിലേക്ക്
- സഖ്യകക്ഷികൾക്ക് 5മുതൽ 8വരെ മന്ത്രിമാർക്ക് സാധ്യത
- എണ്ണായിരത്തോളം അതിഥികൾ ചടങ്ങിൽ സംബന്ധിക്കും
ന്യൂ ഡൽഹി :മൂന്നാം മോദി സർക്കാർ ഇന്ന് അധികാരത്തിലേക്കെത്തുമ്പോൾ പതിവ് രീതിയിൽ സസ്പെൻസുകൾ തന്നെ നിഴലിക്കുന്നു. മോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
സഖ്യകക്ഷികൾക്ക് 5 മുതൽ 8വരെ മന്ത്രിമാർക്ക് സാധ്യത
സഖ്യകക്ഷികൾക്ക് അഞ്ചു മുതൽ എട്ടു വരെ ക്യാബിനറ്റ് പദവികൾക്കാണ് സാധ്യത എന്നതാണ് റിപ്പോർട്ട് . ബിജെപിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ രാജ്നാഥ് സിങ്, അമിത് ഷാ, ഗഡ്കരി എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. ശിവരാജ് സിങ് ചൗഹാൻ, ബസവരാജ് ബൊമ്മെ, മനോഹർലാൽ ഖട്ടർ, സർബാനന്ദ സോനോവാൾ എന്നിവർക്കും സാധ്യതയുണ്ട്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും മന്ത്രിസഭയിലുണ്ടായേക്കും. ടിഡിപിയിൽ നിന്നു റാം മോഹൻ നായിഡുവും ജെഡിയുവിൽ നിന്ന് ലാലൻ സിങ് സഞ്ജയ് ഝാ, രാംനാഥ് ഠാക്കുർ എന്നിവരിൽ ഒരാളും. എൽജെപിയുടെ ചിരാഗ് പാസ്വാനും ശിവസേനയുടെ പ്രതിനിധിയുമാകും ഇന്ന് ഘടകകക്ഷി പ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്യുകയെന്നുമാണ് റിപ്പോർട്ട്.

വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഉൾപ്പെടെ എണ്ണായിരത്തോളം അതിഥികൾ ചടങ്ങിൽ സംബന്ധിക്കും. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ,മാലദ്വീപ് പ്രസിഡന്റ്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, ഭൂട്ടാൻ രാജാവ് ജിഗ്മ ഖേസർ നാംഗ്വേൽ വാങ്ചുക്ക്,മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവർ പങ്കെടുക്കും .

അതേ സമയം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അർധസൈനികർ, ഡൽഹി പൊലീസിന്റെ പ്രത്യേക സായുധസംഘം, എൻഎസ്ജി കമാൻഡോകൾ എന്നിവർ ഉൾപ്പെടുന്ന ത്രിതല സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.