
മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം നാളെ
- ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് പ്രശസ്തിപത്രം കൈമാറും.
തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതി ദാദാ സാഹേബ് പുരസ്‌കാര ജേതാവായ മലയാളികളുടെ സ്വന്തം മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം നാളെ. ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിട്ടിരിക്കുന്ന പരിപാടി നാളെ (ഒക്ടോബർ 04) വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് പ്രശസ്തിപത്രം കൈമാറും. ആദരിക്കൽ ചടങ്ങിന് ശേഷം സംവിധായകൻ ടി കെ രാജീവ് കുമാർ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം ‘രാഗം മോഹനം’ പരിപാടി നടക്കുന്നതായിരിക്കും.

മോഹൻലാൽ സിനിമകളിലെ നായികമാരും ഗായികമാരും വേദിയിൽ പരിപാടിയുടെ ഭാഗമായി അണിനിരക്കുന്നതായിരിക്കും. കലാസന്ധ്യയുടെ ഭാഗമായി മോഹൻലാൽ വേദിയിൽ കലാ അവതരണങ്ങൾ നടത്തും. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും മോഹൻലാൽ നൽകിയ മഹത്തായ സംഭാവനകളെ രാജ്യം അംഗീകരിച്ചതിലുള്ള അഭിമാനമാണ് ഈ ആദരിക്കൽ ചടങ്ങെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മോഹൻലാലിനോടുള്ള കേരളത്തിന്റെ സ്നേഹാദരം കൂടിയാണിത്.
