
യുഎഇ പൊതുമാപ്പ്; ഒളിച്ചോടിയവർക്കും അപേക്ഷിക്കാം
- പൊതുമാപ്പ് അപേക്ഷകൾ യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളിലും നൽകാം
അബുദാബി :പൊതുമാപ്പ് പ്രാബല്യത്തിൽ വരാൻ ഇനി ദിവസം മാത്രം. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തിവിട്ടു. സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം. എന്നാൽ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്കും സെപ്റ്റംബർ ഒന്നിന് ശേഷം നിയമലംഘനം നടത്തുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി(ഐസിപി) അറിയിച്ചു.

വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനുമുള്ള അപൂർവാവസരമാണ് ലഭിക്കുക. പോകുന്നവർക്ക് ശരിയായ വിസയിലൂടെ തിരിച്ചുവരാൻ വിലക്കുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു. കാലഹരണപ്പെട്ട ടൂറിസ്റ്റ്, റസിഡൻസി വിസകൾ ഉൾപ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുന്നു. യാതൊരു രേഖകളുമില്ലാതെ ജനിച്ചവർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ പദവി ശരിയാക്കാനും കഴിയും.
എങ്ങനെ അപേക്ഷിക്കാം
പൊതുമാപ്പിന് അപേക്ഷിക്കാൻ ഓരോ എമിറേറ്റിനും വ്യത്യസ്ത കേന്ദ്രങ്ങളുണ്ട്. ദുബായിൽ എല്ലാ ആമർ സെന്ററുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ദുബായ് കേന്ദ്രമായ അൽ അവീറും പൊതുമാപ്പ് സേവനങ്ങളും നൽകും. അബുദാബിയിൽ അൽ ദഫ, സുവൈഹാൻ, അൽ മഖ, അൽ ഷഹാമ എന്നിവിടങ്ങളിലാണ് ഐസിപി കേന്ദ്രങ്ങൾ.

സേവന കേന്ദ്രങ്ങൾ രാവിലെ 7 മുതൽ രാത്രി 8 വരെ തുറന്നിരിക്കും, അവിടെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തും. പൊതുമാപ്പ് അപേക്ഷകൾ യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളിലും നൽകാം. സേവന അപേക്ഷകൾ 24/7 ഓൺലൈനിലും ലഭ്യമാണ്. ബയോമെട്രിക് വിരലടയാളത്തിന് ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഒഴികെ, സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ അപേക്ഷകർക്ക് ഐസിപി ഇലക്ട്രോണിക്, സ്മാർട്ട് ചാനലുകൾ വഴിയും അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴിയും അപേക്ഷിക്കാം.