
യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി പുത്തൻപാലം രാജേഷ് റിമാൻഡിൽ
- ഫോർട്ട് സ്റ്റേഷനിൽ ഇന്നലെ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു
തിരുവനന്തപുരം:യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലോഡ്‌ജിൽ എത്തിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പുത്തൻപാലം രാജേഷ്(46)നെ കോടതി റിമാൻഡ് ചെയ്‌തു. നടപടി മേയ് 5നു ഫോർട്ട് പോലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് . തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്നു പോലീസിനു കത്തയച്ചശേഷം ഒളിവിലായിരുന്ന രാജേഷിനെ കോട്ടയം കോതനല്ലൂരിൽ നിന്നു വീടുവളഞ്ഞ് കടുത്തുരുത്തി പോലീസാണ് അറസ്റ്റ് ചെയ്തത് .ഇന്നലെ ഫോർട്ട് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. പീഡനത്തിന് ഇരയായ യുവതി രാജേഷിന്റെ ഡ്രൈവറുടെ സുഹൃത്താണ്.

എറണാകുളം സ്വദേശിയായ യുവതി നഗരത്തിൽ വീട്ടുജോലിക്കായി എത്തിയതായിരുന്നു. രാജേഷിന്റെ ഡ്രൈവറുടെ കാറിൽ യുവതി കണ്ണാശുപത്രിക്കു അടുത്ത് നിന്നാണ് കയറിയത്. എകെജി സെൻ്ററിനു സമീപത്ത് കാർ നിർത്തുകയും രാജേഷ് ഇവിടെ നിന്നു കയറുകയും ചെയ്‌തു. പിന്നീട് യുവതിയെ ഭീഷണിപ്പെടുത്തി പവർ ഹൗസ് ജംക്ഷനിലെ ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം കാറിൽ കൊണ്ടുപോയി ഉപേക്ഷിച്ചെന്നുമാണ് പരാതി.
യുവതി കമ്മിഷണർക്ക് നൽകിയ പരാതിയിൽ രാജേഷിനെ ഒന്നും സുഹൃത്തായ ഡ്രൈവറിനെ രണ്ടും പ്രതികളാക്കി ഫോർട്ട് പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കൂടാതെ സുഹൃത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിനു പിന്നാലെയാണ്, പരാതി കെട്ടിച്ചമച്ചതാണെന്ന് അറിയിച്ച് രാജേഷ് സ്റ്റേഷനിലേക്ക് കത്തയച്ചത്. രാജേഷിനൊപ്പമുണ്ടായിരുന്ന ജോമോൻ എന്നയാളെയും മറ്റു നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.