
യു.എൻ മുന്നറിയിപ്പിന് പുല്ലുവില: കുട്ടികളടക്കം 24 മണിക്കൂറിനിടെ ഇസ്രായേൽ കൊന്നു തള്ളിയത് 35ലധികം പേരെ
- ജബലിയ ക്യാമ്പിലും ആക്രമണം ഉണ്ടായി
ഗാസ്സ: ഐക്യരാഷ്ട്ര സംഘടനയുടെയും ലോകരാഷ്ട്രങ്ങളുടെയും മുന്നറിയിപ്പും അഭ്യർഥനകളും കാറ്റിൽപറത്തി ഇസ്രായേൽ കിരാത നടപടി തുടരുന്നു. കണ്ണിൽ ചോരയില്ലാത്ത ഇസ്രായേൽ പട്ടാളം 24 മണിക്കൂറിനിടെ കൊന്നു തള്ളിയത് 35ലധികം പേരെ. തെക്കൻ ഖാൻ യൂനിസിലെ അഭയാർത്ഥി ക്യാമ്പ് അടക്കമുളളിടത്താണ് ആക്രമണം. ജബലിയ ക്യാമ്പിലും ആക്രമണം ഉണ്ടായി. അതേസമയം സംഘർഷങ്ങൾക്ക് ശേഷവും ഇസ്രയേൽ പിടിച്ചെടുത്ത കേന്ദ്രങ്ങളിൽ സൈന്യം തുടരുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാട്സ് പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന് സമ്മർദം ചെലുത്തുന്നതിനായി ആറാഴ്‌ചയായുള്ള മാനുഷിക സഹായ ഉപരോധം തുടരുമെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. യു.എൻ നൽകിയ മുന്നറിയിപ്പിന് പുല്ലുവില കൽപിക്കാതെയാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേലിന്റെ ആക്രമണത്തിൽ ആശങ്ക അറിയിച്ച് കൊണ്ട് അന്താരാഷ്ട്ര സംഘടനയായ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ‌് (എം.എസ്.എഫ്) രംഗത്തെത്തി.