
യൂസേഴ്സ് ഫീസ്: രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു
- ഓട്ടോകളുടെ യൂസേഴ്‌സ് ഫീസ് 300 രൂപ യുണ്ടായിരുന്നത് 590 രൂപയാക്കി റെയിൽവേ വർധിപ്പിച്ചിരുന്നു
വടകര: യൂസേഴ്സ് ഫീസിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് രണ്ടാം ദിവസവും ഓട്ടോകൾ വടകര റെയിൽവേ സ്റ്റേഷൻ ബഹിഷ്കരിച്ചു. കഴിഞ്ഞ ദിവസം ഓട്ടോകളുടെ യൂസേഴ്‌സ് ഫീസ് 300 രൂപ യുണ്ടായിരുന്നത് 590 രൂപയാക്കി റെയിൽവേ വർധിപ്പിച്ചിരുന്നു. ഇതോടെ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തുകയും റെയിൽവേ സ്റ്റേഷന് പുറത്ത് റോഡിൽനിന്ന് സർവീസ് നടത്തുകയുമുണ്ടായി.

റോഡിൽനിന്ന് സർവിസ് നടത്തുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് രംഗത്തെത്തി. വീതി കുറഞ്ഞ റോഡിൽനിന്ന് സർവിസ് നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ ഓട്ടോ ഡ്രൈവർമാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. പിന്നീട് പൊലീസ് നിർദേശത്തെ തുടർന്ന് റെയിൽവേ സ്റ്റേഷന് പുറത്തെ റോഡിൽനിന്നുള്ള സർവിസും നിർത്തിവെച്ചു.

ഇതോടെ ട്രെയിനിറങ്ങിവരുന്ന പ്രായമായവരടക്കമുള്ളവർ വാഹനം കിട്ടാതെ ദുരിതത്തിലായി. വർധിപ്പിച്ച യൂസേഴ്‌സ് ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സീനിയർ കോമേഴ്സ് മേനേജർക്ക് സിഐടിയു നിവേദനം നൽകി. നേരത്തേ നൽകിയ പരാതിയിൽ തീരുമാനമുണ്ടായിരുന്നില്ല.