യെച്ചൂരി അതീവഗുരുതരാവസ്ഥയിൽ, സുർജിത് ഭവനിൽ ചർച്ചകൾ

യെച്ചൂരി അതീവഗുരുതരാവസ്ഥയിൽ, സുർജിത് ഭവനിൽ ചർച്ചകൾ

കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ എം. എ. ബേബിക്ക് ചുമതല നൽകിയേക്കും

ഡൽഹിയിൽ നിന്ന് ശശി സുതൻ റിപ്പോർട്ട് ചെയ്യുന്നു

ഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലുള്ള സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ(72) ആരോഗ്യനിലയിൽ മാറ്റമില്ല. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ചർച്ചകൾ ഡൽഹിയിൽ പാർട്ടിയുടെ പുതിയ ആസ്ഥാന മന്ദിരമായ ഇന്ദ്രജിത്ഗുപ്‌ത മാർഗിലെ സുർജിത് ഭവനിൽ ആരംഭിച്ചു. ആവശ്യമെങ്കിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ എം. എ. ബേബിക്ക് ചുമതല നൽകിയേക്കും. അടുത്ത കൊല്ലം നടക്കുന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറി പദവിലഭിക്കാൻ സാദ്ധ്യതയുള്ള നേതാവുമാണ് എം. എ. ബേബി. ഇദ്ദേഹം കേരളത്തിൽ നിന്ന് ഡൽഹിയിലെത്തിയിട്ടുണ്ട്.

വെൻ്റിലേറ്റർ വഴി കൃത്രിമ ശ്വാസം നൽകിയാണ് യെച്ചൂരിയുടെ ജീവൻ നിലനിർത്തുന്നത്. ചൊവ്വാഴ്‌ച ആരോഗ്യനില വഷളായതിനെ തുടർന്ന് ആന്റിബയോട്ടിക് മരുന്നുകൾ മാറ്റിയിരുന്നു. പുതിയ മരുന്നുകളോട് ശരീരം പ്രതികരിക്കുമോയെന്നാണ് ഡോക്‌ടർമാർ നോക്കുന്നത്. ആഗസ്റ്റ് 19ന് ക‌ടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധമൂലം ആരോഗ്യം വഷളാകുകയായിരുന്നു. ആരോഗ്യനില വഷളായതോടെ യുകെയിൽ നിന്ന് മകൾ അഖില യെച്ചൂരി ഡൽഹിയിലെത്തിയിട്ടുണ്ട്.

2015 മുതൽ സി.പി.ഐ എമ്മിനെ നയിക്കുന്ന യെച്ചൂരി ആന്ധ്രപ്രദേശ് സ്വദേശിയാണ്. 2022ൽ കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാംതവണയും ജനറൽ സെക്രട്ടറിയായി. എസ്.എഫ്.ഐയിലൂടെ രാഷ്‌ട്രീയത്തിലെത്തി ദേശീയ തലത്തിൽ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ വക്താവായി അറിയപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )