
രക്ഷപെടാനായി റെയിൽവേ ട്രാക്കിൽ കിടന്ന ആളിന് 1000 രൂപ പിഴ
- ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു
കണ്ണൂർ: ട്രെയിൻ വരുന്നത് കണ്ട് രക്ഷപെടാനായി റെയിൽവേ പാളത്തിൽ കിടന്ന പന്നിയൻപാറ സ്വദേശി പവിത്രന് റെയിൽവേ കോടതി പിഴ ചുമത്തി.
കോടതി പിഴയായി ഈടാക്കിയത് 1000 രൂപയാണ് . സംഭവത്തിൽ നേരത്തെ അന്വേഷണം നടത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഡിസംബർ 23 ന് പന്നിയൻപാറ റെയിൽവേ ട്രാക്കിലൂടെ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് കടന്നുപോയപ്പോഴാണ് സംഭവം.

പവിത്രൻ പാളത്തിലൂടെ നടക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. ഇയാൾ ഉടൻ തന്നെ പാളത്തിൽ കമഴ്ന്ന് കിടക്കുകയായിരുന്നു.
ട്രെയിൻ പോയ ശേഷം എഴുന്നേറ്റ് നടന്നു പോകുന്ന ഇയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വീഡിയോ വലിയ തോതിൽ ചർച്ചയായതോടെ ആർപിഎഫ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് റെയിൽവേ കോടതിയുടെ നടപടി.
CATEGORIES News
