
രാജ്യത്തെ ആദ്യത്തെ നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം
- 2023-24 ലെ സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്.
തിരുവനന്തപുരം: അടുത്ത 25 വർഷത്തെ കേരളത്തിന്റെ വികസന ദിശ നിർണയിക്കുന്ന നഗര നയത്തിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ ഈ കരട് നയം, അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിന് വ്യക്തമായ രൂപരേഖ നൽകുന്നു. രണ്ടു വർഷത്തെ നിരന്തരമായ പ്രവർത്തനങ്ങൾക്കൊടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം ഒരു സംസ്ഥാനം രൂപീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് ഇത് സംബന്ധിച്ച ആദ്യ പ്രഖ്യാപനം ഉണ്ടായത്.ദേശീയ-അന്തർദേശീയ വിദഗ്‌ധരെ ഉൾപ്പെടുത്തി 2023 ഡിസംബറിൽ രൂപീകരിച്ച നഗര നയ കമ്മിഷൻ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2025 മാർച്ചിൽ മുഖ്യമന്ത്രിക്ക് കൈമാറിയ ഈ റിപ്പോർട്ട് സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന ആഗോള സമ്മേളനത്തിൽ വിപുലമായി ചർച്ച ചെയ്യപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മേയർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ആ സമ്മേളനത്തിലെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അന്തിമ നയം തയ്യാറാക്കിയിരിക്കുന്നത്.

നഗര നയ കമ്മിഷൻ്റെ വിലയിരുത്തൽ പ്രകാരം 2050 ഓടെ കേരളം 80 ശതമാനം നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി മാറും. മലനാടിനും തീരദേശത്തിനും ഇടയിലുള്ള ജനസാന്ദ്രതയേറിയ മേഖലകളിൽ വികേന്ദ്രീകൃതമായ രീതിയിലായിരിക്കും ഈ വികസനം നടക്കുക. കാലാവസ്ഥാ വ്യതിയാനം ഒരു വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, പരിസ്ഥിതിലോല പ്രദേശങ്ങളിലെ നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുള്ള ഒരു അടിസ്ഥാന രേഖയായി ഈ നയം പ്രവർത്തിക്കും. ഇത് കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ സാധ്യതകൾ തുറന്നു നൽകുന്നു.
