
രാജ്യസ്നേഹം ഉണർത്തിയ വന്ദേമാതരത്തിലെ മാ തുജെ സലാം
- ഇന്ത്യയിലെ ഭാവി തലമുറകൾക്കായി ഞാൻ ആൽബം സമർപ്പിക്കുന്നു – ഗാനത്തിൻ്റെ റിലീസിന് ആമുഖമായി റഹ്മാൻ പറഞ്ഞു
രാജ്യം ഇന്ന് എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഇന്ത്യക്കാർക്ക് അഭിമാനത്തിന്റെ ദിവസമാണിത്. സ്വാതന്ത്ര്യമെന്ന അനുഭവത്തിന്
മാറ്റ് കൂട്ടുന്ന ദേശസ്നേഹത്തിന്റെ താളമായ ഒരു പാട്ടുണ്ട് –
ഇന്ത്യൻ സംഗീതത്തെ ലോക സംഗീതമാക്കിയ എ.ആർ.റഹ്മാൻ ഒരുക്കിയ മാ തുജെ സലാം എന്ന ഗാനം. മെഹബൂബിൻ്റെ ദേശസ്നേഹം തുളുമ്പുന്ന വരികളിലാണ് റഹ്മാൻ ആ ഗാനം സൃഷ്ടിച്ചത്. 27വർഷങ്ങൾക്ക് ഇപ്പുറവും ആ ഗാനം നൽകുന്ന ദേശവീര്യത്തിന്റെ അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
റഹ്മാൻ്റെ സ്റ്റുഡിയോ ആൽബമാണ് വന്ദേമാതരം . സോണി മ്യൂസിക് ഇന്ത്യയുടെ ഇന്നുവരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നോൺ-ഫിലിം ആൽബം കൂടിയാണ് വന്ദേ മാതരം. സോണിയുടെ മ്യൂസിക് ലേബലുകളായ കൊളംബിയ റെക്കോർഡ്സും എസ്എംഇ റെക്കോർഡും കരസ്ഥമാക്കിയ ഗാനം.

1997 ഓഗസ്റ്റ് 12 ന് ആ ഗാനം പുറത്തിറങ്ങിയ സമയത്തിനും വേറിട്ട ഒരു കഥയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ 50-ാം വാർഷികം ആഘോഷിക്കുന്ന സമയമായിരുന്നു അത്. പുറത്തിറങ്ങിയതുമുതൽ, ആൽബവും അതിൻ്റെ ടൈറ്റിൽ ഗാനമായ മാ തുജെ സലാമും ഓളം സൃഷ്ടിച്ചു. ഇന്ത്യാ രാജ്യത്തിൻ്റെ ദേശീയതയിലും ദേശഭക്തിയിലും ഈ ഗാനം അഗാധമായ സ്വാധീനം ചെലുത്തി. നിരൂപകവും വാണിജ്യപരവുമായ ഹിറ്റായ ആൽബത്തിലെ ടൈറ്റിൽ ഗാനം ഇന്ത്യയിലെ എക്കാലത്തെയും ജനപ്രിയ ഗാനങ്ങളിലൊന്നായി മാറി. എ.ആർ.റഹ്മാൻ തന്നെ ആലപിച്ച ഈ ഗാനം ദേശസ്നേഹ ഐക്യത്തിൻ്റെ സിംബലായി മാറി.

ഏറ്റവും കൂടുതൽ ഭാഷകളിൽ ആലപിക്കപ്പെട്ട ഗാനമെന്ന നിലയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളും നേടിയെടുത്തു ഈ ട്രാക്ക്. ഇന്ത്യൻ ഗായകൻ സായി സൈചക്ക് മനപ്രഗദ 265 വ്യത്യസ്ത ഭാഷകളിലും (വ്യക്തിഗതമായി) വീണ്ടും 277 ഭാഷകളിലും (കോറസോടെ) ട്രാക്ക് അവതരിപ്പിച്ചു. 1998-ലെ മികച്ച ചലച്ചിത്രേതര ആൽബത്തിനുള്ള സ്‌ക്രീൻ വീഡിയോകോൺ അവാർഡും കരസ്തമാക്കി ഈ ആൽബം .
1997-ൽ, സ്‌ക്രീൻ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ റഹ്മാൻ മുംബൈയിൽ പോയപ്പോൾ തൻ്റെ ബാല്യകാല സുഹൃത്തായ ഭരത് ബാലയെ കണ്ടുമുട്ടി . ഈ കൂടിക്കാഴ്ചയിൽ 1997-ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 50-ാം വാർഷികത്തെ ഉണർത്തുന്ന ഒരു ആൽബത്തിനായുള്ള നിർദ്ദേശം ഇരുവരും ചർച്ച ചെയ്തതിലൂടെയാണ് പാട്ടിന്റെ പിറവി നടക്കുന്നത്. 1997-ൽ അന്താരാഷ്ട്ര സംഗീത ലേബലായ സോണി മ്യൂസിക് ഇന്ത്യൻ വിപണിയിൽ ചേക്കേറിയ സമയമായിരുന്നു. ഇന്ത്യൻ കലാകാരന്മാരെ അന്താരാഷ്ട്ര തലത്തിൽ പ്രോത്സാഹിപ്പിക്കാനാണ് അവർ ശ്രമിച്ചത്. മൂന്ന് ആൽബങ്ങളുടെ കരാറിൽ ഇന്ത്യയിൽ നിന്ന് സോണി മ്യൂസിക് തിരഞ്ഞെടുത്ത ആദ്യത്തെ വ്യക്തി എ.ആർ.റഹ്മാൻ ആയിരുന്നു. സോണി മ്യൂസിക് ഇന്ത്യയുമായും ഭരതുമായും ചർച്ച ചെയ്ത് ആശയം റഹ്മാൻ നിർദ്ദേശിക്കുകയായിരുന്നുവത്രേ .
“ഇന്ത്യയിലെ ഭാവി തലമുറകൾക്കായി ഞാൻ ഈ ആൽബം സമർപ്പിക്കുകയാണ് . ഈ രാജ്യം നിർമ്മിച്ച മാനുഷിക മൂല്യങ്ങളുടെയും ധാർമ്മികതയുടെയും സമ്പത്തായി വളരാൻ ഈ ആൽബം അവരെ പ്രചോദിപ്പിക്കട്ടെ”എന്നാണ് ആൽബത്തിന്റെ റിലീസിന് മുന്നോടിയായി റഹ്മാൻ പറഞ്ഞത്.

ഈ വർഷം ടി20 ലോകകപ്പ് വിജയം ആഘോഷിക്കുന്ന സമയത്ത് ആ ആഘോഷത്തിന്റെ ഹൃദയസ്പർശിയായ അവതരണം നടന്നത് മാ തുജെ സലാമിന്റെ അകമ്പടിയോടെയാണ്. അന്ന് കണ്ടവരുടെയും കേട്ടവരുടെയും മനസിലും മുഖത്തും തെളിഞ്ഞത് കായിക മഹത്വം മാത്രമായിരുന്നില്ല . രാജ്യത്തുടനീളമുള്ള മനുഷ്യരുടെ ആഴത്തിലുള്ള വികാരങ്ങളുടെയും രാജ്യസ്നേഹത്തിന്റെയും സമഗ്രസംഗ്രഹം കൂടിയായിരുന്നു , സ്പോർട്സും സംഗീതവും സമന്വയിച്ച ആ അപൂർവ നിമിഷം.
