
രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി ഹണി റോസ്
- സൈബർ ആക്രമണത്തിന് കാരണക്കാരൻ രാഹുൽ ഈശ്വർ -ഹണി റോസ്
കൊച്ചി :തനിക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി നടി ഹണി റോസ്. സംഘടിത ആക്രമണമാണ് നടക്കുന്നതെന്നും തനിക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണത്തിന് കാരണക്കാരൻ രാഹുൽ ആണെന്നും അവർ പറയുന്നു. അതിനാൽ നിയമപടിയുമായി മുന്നോട്ട് പോകുകയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അവർ പറഞ്ഞു.

‘പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എൻ്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത് .കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികളാണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും. അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത് എന്നും ഹണി റോസ് ആരോപിച്ചു.