
രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി; പൊലീസ് കസ്റ്റഡിയിൽ വിട്ടു
- കോടതി കൃത്യമായ തെളിവുകൾ പരിശോധില്ലെന്നും വീഡിയോ കാണാതെയാണ് ജാമ്യം നിഷേധിച്ചതെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. നടപടി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ്. രാഹുൽ ഈശ്വറിനെ നാളെ വൈകുന്നേരം അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയും രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇതിനെതിരെയാണ് രാഹുൽ ഈശ്വർ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി കൃത്യമായ തെളിവുകൾ പരിശോധില്ലെന്നും വീഡിയോ കാണാതെയാണ് ജാമ്യം നിഷേധിച്ചതെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. എന്നാൽ രാഹുൽ ഈശ്വറിന്റെ ഈ വാദം തള്ളിക്കൊണ്ട് ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസിൽ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. ജയിലിൽ നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ, 14 ദിവസത്തേക്കാണ് ജില്ലാ കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്.
