
രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
- കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി . അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൻ്റെ ഭാഗമായാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും.
കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ നാലു തവണയായി നാൽപ്പത് മണിക്കൂറോളം രാഹുൽ ഗാന്ധിയെ നേരത്തെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.
നാഷണൽ ഹെറാൾഡ് പത്രം നടത്തുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കമ്പനിയിലെ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ചാണ് കേസ്. ഗാന്ധി കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയും എജെഎല്ലും തമ്മിലുള്ള ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ.ഡി പറയുന്നത്. 2008ൽ നാഷണൽ എജെഎൽ കോൺഗ്രസിൽനിന്ന് 90.25 കോടി രൂപയുടെ പലിശരഹിത വായ്‌പയെടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ല. ഇതിൻ്റെ പേരിൽ അയ്യായിരം കോടി രൂപ മൂല്യമുള്ള എജെഎല്ലിൻ്റെ ആസ്‌തികൾ യങ് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു എന്നാണ് പരാതി