
രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി ; മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി
- ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. രാഹുലിനെതിരെ പ്രോസിക്യൂഷൻ പുതുതായി സമർപ്പിച്ച തെളിവുകളും കോടതി ഇന്നു പരിശോധിച്ചിരുന്നു.ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളടക്കം പരിശോധിച്ചുകൊണ്ടായിരുന്നു വിധി. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.

രാഹുലിനെതിരെ പുതുതായി റജിസ്റ്റർ ചെയ്ത് ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷൻ കോടതിയിൽ ഇന്നു ഹാജരാക്കിയിരുന്നു. രാഹുൽ സ്‌ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നൽകുന്നത് കേസിന്റെ തുടർനടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.ഗുരുതരമായ കുറ്റകൃത്യം നടന്നുവെന്നു ചൂണ്ടിക്കാട്ടുന്ന പൊലീസ് റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച രേഖകൾ ആണ് ഇന്ന് കോടതിയിൽ നൽകിയത്.
