
റെക്കോഡ് വില്‌പനയിൽ ക്രിസ്മസ്- നവവത്സര ബമ്പർ
- നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന്
തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്മസ്- നവവത്സര ബമ്പർ ടിക്കറ്റ് വിൽപന റെക്കോഡിലേക്ക്. വിതരണത്തിനുള്ള 40 ലക്ഷം ടിക്കറ്റുകളിൽ ഇന്ന് വരെ 33 ലക്ഷത്തിലധികം (33,78,990) ടിക്കറ്റുകൾ വിറ്റു തീർന്നു . 11 ലക്ഷത്തോളം ടിക്കറ്റുകൾ ഇത്തവണ അധികമായി വിറ്റു പോയിട്ടുണ്ട്.ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് ഏഴ് ലക്ഷത്തിനടുത്ത് (6,95,650) ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92, 290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. വിൽപനയിൽ മൂന്നാം സ്ഥാനത്ത് 3,60, 280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയുമാണുള്ളത്.

400 രൂപ ടിക്കറ്റ് വിലയുള്ള ക്രിസ്‌മസ് – നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപ.20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി സാധ്യത. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്.