
റേഷൻ മസ്റ്ററിങ്; കേരളത്തിലില്ലാത്തവർ പുറത്താകില്ല
- സ്ഥലത്തില്ലാത്തവരെ നോൺ റസിഡന്റ് കേരള വിഭാഗമായി രേഖപ്പെടുത്തും
തിരുവനന്തപുരം :കേരളത്തിന് പുറത്തായതിനാൽ റേഷൻ മസ്റ്ററിങ് ചെയ്യാനാകാത്തവരെ മുൻഗണനപ്പട്ടികയിൽ നിന്ന് ഒഴിവാക്കില്ല എന്ന് സർക്കാർ . സ്ഥലത്തില്ലാത്തവരെ നോൺ റസിഡന്റ് കേരള (എൻ.ആർ.കെ.) വിഭാഗമായി രേഖപ്പെടുത്തും.അതേ സമയം നാട്ടിൽ മടങ്ങിയെത്തുമ്പോൾ മസ്റ്റർ ചെയ്യണം. സെപ്റ്റംബറിലാണ് മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്ക് ഇ- കെ.വൈ.സി. തുടങ്ങിയത്. 1.48 കോടി പേരാണ് മസ്റ്ററിങ് ഇനിയും ചെയ്യേണ്ടത്. ഇതേവരെ 1.34 കോടി ആളുകൾ ചെയ്തു. 14 ലക്ഷം പേർ എന്തുകൊണ്ട് ഒഴിവായി എന്ന് എന്നന്വേഷിക്കും. ഇതിന് റേഷൻ കടയുടമകളുടെ സഹായത്തോടെ റേഷൻ ഇൻസ്പെക്ടർമാർ വീടുകളെിലത്തിയാണ് അന്വേഷിക്കുക. ഡിസംബർ 31 വരെയാണ് മസ്റ്ററിങ്ങിന് അവസരം നൽകിയതെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്.

മുൻഗണനേതര വിഭാഗങ്ങളിൽപ്പെട്ട കാർഡുടമകൾക്ക് ടൈഡ് ഓവർ വിഹിതമായി കേന്ദ്രം അനുവദിക്കുന്ന 3.99 ലക്ഷം ടൺ അരിവിഹിതം കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തത്കാലം കേന്ദ്രം പരിഗണിക്കില്ല. 2016-ൽ ഭക്ഷ്യനിയമം നടപ്പാക്കിയപ്പോൾ 57 ശതമാനം കാർഡുകളാണ് ഈ വിഭാഗത്തിലേക്ക് മാറിയത്. ഇവർക്ക് 10.90 രൂപ നിരക്കിൽ അരി നൽകുന്നുണ്ട്. 3.99 ലക്ഷം ടൺ അരിയാണ് കേന്ദ്രം ഇതിന് തരുന്നത്.