
റോഡ് യൂസേഴ്സ് ആക്ട് വരുന്നു ;നിയമം പാലിക്കാതെ നടന്നാൽ ഇനി പെറ്റി കിട്ടും
- റോഡപകടങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ കാൽനടക്കാർക്ക് പങ്കുണ്ടെങ്കിൽ അവരെയും പ്രതിയാക്കുന്ന വിധത്തിൽ പുതിയ നിയമം വേണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ
തിരുവനന്തപുരം: റോഡുകളിൽ വാഹനാപകടം പെരുകമ്പോൾ റോഡ് യൂസേഴ്സ് ആക്ട് എന്ന പുതിയ നിയമം കൊണ്ടുവരാൻ ഗതാഗതവകുപ്പ്. അപകട മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അലക്ഷ്യമായി റോഡ് ഉപയോഗിക്കുന്ന കാൽനടയാത്രക്കാർ കൂടിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനമാക്കിയാണിത്.റോഡപകടങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ കാൽനടക്കാർക്ക് പങ്കുണ്ടെങ്കിൽ അവരെയും പ്രതിയാക്കുന്ന വിധത്തിൽ പുതിയ നിയമം വേണമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സി.നാഗരാജുവിന്റെ റിപ്പോർട്ട്. ഗതാഗതവകുപ്പിൻ്റെ പക്കലുള്ള റിപ്പോർട്ട് ആഭ്യന്തരവകുപ്പിൻ്റെ പരിഗണനയ്ക്കു വിടാനാണ് തീരുമാനം.ഡിവൈഡറുള്ള നാലുവരിപ്പാതകൾ, ഫുട്പാത്തുള്ള റോഡുകൾ എന്നിവിടങ്ങളിലായിരിക്കും നിയമം ബാധകമാക്കുക.

നിലവിൽ നിരത്തിൽ പിഴ ഈടാക്കുന്നത് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ്. അത് കാൽനടയാത്രക്കാർക്ക്പ്രകാരമാണ്. അത് കാൽനടയാത്രക്കാർക്ക് ബാധകമല്ല. അതിനാലാണ് പിഴ ഈടാക്കുന്നതിന് നിയമനിർമ്മാണം കൊണ്ടുവരുന്നത്. സംസ്ഥാനത്ത് റോഡ് യൂസേഴ്സ് ആക്ട് എന്ന നിയമം പ്രകാരം പിഴ ഈടാക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്. ദുബായ് ഉൾപ്പെടെ ചില വിദേശ രാജ്യങ്ങളിൽ കാൽനടക്കാർ ഗതാഗതനിയമം പാലിച്ചില്ലെങ്കിൽ പിഴ ചുമത്താറുണ്ട്. ആദ്യം ബോധവത്കരണവും പിന്നീട് നടപടികളിലേക്കും കടക്കാൻ കഴിയുന്ന വിധത്തിൽ നിയമം വേണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ ആവശ്യം. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും നിയമവിദഗ്ദ്ധരും തമ്മിൽ പ്രാഥമിക ചർച്ച നടന്നിരുന്നു.