
ലളിതം ജീവിതം; പ്രചോദനമേകാൻ ഇന്ന് ദേശീയ ലാളിത്യ ദിനം
- ഹെൻറി ഡേവിഡ് തോറോയോടുള്ള ബഹുമാനാർത്ഥമാണ് ഈ ദിവസം ലാളിത്യദിനമായി കൊണ്ടാടുന്നത്
ലോകം തിരക്കിലും സങ്കീർണ്ണതകളും ആർഭാടത്തിലും അങ്ങനെ ഓട്ടം തുടരുകയാണ്…എന്നാൽ മിനിമലിസ്റ്റ് ദർശനം മുന്നോട്ടു വച്ച ഗാന്ധിജി മുതൽ നിരവധി പേർ നമുക്കിടയിലുണ്ട്. ജൂലൈ 12 ദേശീയ ലാളിത്യദിനമാണ്. 1817 ജൂലൈ 12 ന് ജനിച്ച ഹെൻറി ഡേവിഡ് തോറോയോടുള്ള ബഹുമാനാർത്ഥമാണ് ഈ ദിവസം ലാളിത്യദിനമായി കൊണ്ടാടുന്നത്. തോറോ ഒരു അമേരിക്കൻ തത്ത്വചിന്തകനും പ്രകൃതിശാസ്ത്രജ്ഞനും ലളിത ജീവിതത്തിൻ്റെ വക്താവുമായിരുന്നു.
ലളിതമായ ജീവിതത്തിൻ്റെയും സ്വയംപര്യാപ്തതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച “വാൾഡൻ” എന്ന പുസ്തകത്തിലൂടെയാണ് തോറോ ലോകമെങ്ങുമുള്ള വായനക്കാർക്കും പരിസ്ഥിതി -സാമൂഹ്യപ്രവർത്തകർക്കുമിടയിൽ ശ്രദ്ധേയനാകുന്നത്.

സങ്കീർണ്ണതകളില്ലാതെ ലളിതമായ ജീവിതം നയിക്കാനും ലോകജനതയെ ഓർമ്മിപ്പിക്കുന്നതിനുമായാണ് എല്ലാ വർഷവും ജൂലൈ 12 ന് ദേശീയ ലാളിത്യ ദിനമായി ആചാരിക്കുന്നത്. ജീവിതം ലളിതമാക്കേണ്ടതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഈ ദിനം ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നു. ജീവിതത്തിന്റെ സങ്കീർണതകളിൽ നിന്ന് മോചിതരായി ജീവിതത്തിലെ ഒരോ നിമിഷവും ആസ്വദിക്കുകയെന്ന ആശയമാണ് ലോകമാകെ വെളിച്ചം വീശേണ്ടത്.
