
ലേണിങ് സെന്റർ പദവിയിൽ തിളങ്ങി ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്
- വിവിധ അവാർഡുകളിലൂടെയും പ്രവർത്തനമികവിലൂടെയും ശ്രദ്ധനേടിയ പഞ്ചായത്തുകളെയാണ് ലേണിങ് സെൻ്ററായി പരിഗണിക്കുക.
ഓമശ്ശേരി : ലേണിങ് സെന്റർ പദവി ലഭിച്ച് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്. ദ്വിദിന പരിശീലന-സന്ദർശന പരിപാടികൾക്കായി കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ ജന പ്രതിനിധികളും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ റിസോഴ്സ് പ്രതിനിധികളുമെത്തി. കുന്നത്തൂരിൽ നിന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ഉൾപ്പെടെ 13 – ജനപ്രതിനിധികളാണ് എത്തിയത്. കിലയിൽ നിന്ന് 18 പേരും എത്തി. സംസ്ഥാനത്ത് 70 പഞ്ചായത്തുകളെയാണ് ലേണിങ് സെൻ്ററായി പ്രഖ്യാപിച്ചത്.
ജില്ലയിൽ ഓമശ്ശേരി ഉൾപ്പെടെ ആറ് പഞ്ചായത്തുകൾക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചത്. വിവിധ അവാർഡുകളിലൂടെയും പ്രവർത്തനമികവിലൂടെയും ശ്രദ്ധനേടിയ പഞ്ചായത്തുകളെയാണ് ലേണിങ് സെൻ്ററായി പരിഗണിക്കുക. പിഎൽസി യായി തിരഞ്ഞെടുത്തതോടെ പഞ്ചായത്തിനെയും പ്രവർത്തനങ്ങളെയും അടുത്തറിയാൻ കേരളത്തിനകത്തും പുറത്തുമുള്ള പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജീവനക്കാരും വിവിധഘട്ടങ്ങളിൽ ഓമശ്ശേരിയിലെത്തും. പഞ്ചായത്ത് ലേണിങ് സെൻ്ററിൻ്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഗംഗാധരൻ നിർവഹിച്ചു.