
ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു
- നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാർത്ഥ പ്രയോഗങ്ങളെന്നും കുറ്റപത്രത്തിലുണ്ട്.
കൊച്ചി:ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു.എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നടിക്കെതിരെ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാർത്ഥ പ്രയോഗങ്ങളെന്നും കുറ്റപത്രത്തിലുണ്ട്.
ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിൻ്റെ വകുപ്പും ബോബിക്കെതിരെ ചുമത്തി. സമൂഹമാധ്യമങ്ങളിലൂടെ പലർക്കുമെതിരെ ഇയാൾ നടത്തിയ ലൈംഗികാധിക്ഷേപത്തിൻ്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസടുത്തത്.
കേസിൽ അറസ്റ്റിലായ ബോബി കാക്കനാട് ജയിലിൽ റിമാൻഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. ജയിൽ മോചിതനായ ശേഷം പരസ്യമായി മാപ്പ് ചോദിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരുന്നു.