
ലൈസൻസ് അന്നേദിവസം; ആർസിയ്ക്ക് കാത്തിരിയ്ക്കണം
- പെർമിറ്റുൾപ്പെടെ ആർസിയുടെ അസൽ പകർപ്പ് ആവശ്യമാണ്
തിരുവനന്തപുരം:ഡ്രൈവിങ് ലൈസൻസ് കാർഡ് വിതരണത്തിലെ കുടിശ്ശിക തീർന്നതിനാൽ ഒരോ ദിവസത്തെയും ഡ്രൈവിങ് ലൈസൻസുകൾ അടുത്തദിവസം അച്ചടിച്ച് വിതരണം ചെയ്യും.എന്നാൽ നാലരലക്ഷം വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) വിതരണം ചെയ്യാനുണ്ട്. പെറ്റ് ജി കാർഡ് (ആർസി) തയ്യാറാക്കാൻ കരാർ ഏറ്റെടുത്തിരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐടിഐ പാലക്കാടിന് അച്ചടിക്കൂലി കുടിശ്ശിക വന്നതോടെയാണ് പ്രിന്റിങ് നിർത്തിവെച്ചത്.
14.62 കോടി രൂപ നൽകാനുണ്ട്. മുന്നറിയിപ്പില്ലാതെ പ്രിന്റിങ് നിർത്തിവെച്ചതിൽ പ്രതിഷേധിച്ച് കരാർ കമ്പനിയെ ഒഴിവാക്കി ലൈസൻസും ആർസിയും നേരിട്ട് അച്ചടിക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.

കരാർ റദ്ദാക്കാനുള്ള നടപടി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.മോട്ടോർവാഹനവകുപ്പ് സ്വന്തമായി കാർഡുകൾ അച്ചടിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഇതിന്റെ കരാർ നടപടികളിലേക്ക് കടന്നിട്ടില്ല. പണമടച്ച് ആവശ്യപ്പെടുന്നവർക്കുമാത്രം കാർഡ് നൽകാൻ തീരുമാനമായിട്ടുണ്ട്. കാർഡ് ആവശ്യമുള്ളവർക്കുമാത്രം പണമടയ്ക്കാൻ കഴിയുന്ന വിധത്തിൽ സോഫ്റ്റ്വേറിൽ ക്രമീകരണം ഏർപ്പെടുത്തേണ്ടതുണ്ട്.പെർമിറ്റുൾപ്പെടെ പല ആവശ്യങ്ങൾക്കും ആർസിയുടെ അസൽ പകർപ്പ് ഇപ്പോഴും ആവശ്യമാണ്.