
ലോക പട്ടിണി സൂചിക; ഇന്ത്യ ‘ഗുരുതര’ വിഭാഗത്തിൽ
- ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട വിഭാഗത്തിൽ
ലോകപട്ടിണി സൂചികയിൽ ഇന്ത്യ ‘ഗുരുതര’ വിഭാഗത്തിലെത്തി നിൽക്കുന്നു.അതേ സമയം ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട വിഭാഗത്തിലാണുള്ളത്. വിവിധ രാജ്യങ്ങളിലെ പട്ടിണി വ്യക്തമാക്കുന്നതാണ് ആഗോള പട്ടിണി സൂചിക അഥവാ ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI). ഐറിഷ് മാനവിക സംഘടന കൺസേൺ വേൾഡ് വൈഡും ജർമൻ സഹായ ഏജൻസി വെൽത്ഹംഗർലൈഫും ചേർന്നാണ് 2024 ലെ സൂചിക പുറത്തുവിട്ടത്.

127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 105-ാമത് സ്ഥാനത്താണ്. തീവ്രമായ പട്ടിണി അനുഭവിക്കുന്ന 42 രാജ്യങ്ങളാണ് ഗുരുതര വിഭാഗത്തിൽ പെടുന്നത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഈ വിഭാഗത്തിൽ തന്നെയാണ്. മെച്ചപ്പെട്ട വിഭാഗമായ മോഡറേറ്റിലാണ് ബംഗ്ലാദേശും ശ്രീലങ്കയും നേപ്പാളും. 13.7 ശതമാനം ഇന്ത്യക്കാർ പോഷകാഹാരക്കുറവുള്ളവരാണെന്ന് പട്ടിക പറയുന്നു. ഇന്ത്യയിലെ 2.9 ശതമാനം കുഞ്ഞുങ്ങൾ അഞ്ചാം പിറന്നാളാഘോഷിക്കും മുന്നെ മരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യത്തിനാവശ്യമായ കാലറി ലഭ്യമാകാത്ത വിഭാഗമാണ് പോഷകാഹാരക്കുറവുള്ളവരായി വിലയിരുത്തപ്പെടുന്നത്. ഗാസ, സുഡാൻ യുദ്ധത്തെ തുടർന്ന് ചില ആഫ്രിക്കൻ രാജ്യങ്ങൾ അതീവ ഗുരുതരമായ ‘അലാമിങ്’ വിഭാഗത്തിലാണ് ഉൾപ്പെട്ടിരിയ്ക്കുന്നത്.