
വംശീയാധിക്ഷേപവും ആക്രമണവും നേരിട്ടതായി വിദേശ കളിക്കാരൻ
- ഫുട്ബോൾ കളിക്കിടെ എതിർ ടീം ചുമതലക്കാരും കാണികളും ചേർന്ന് ആക്രമിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതായാണ് പരാതി
മലപ്പുറം : കുളത്തൂരിൽ താമസിക്കുന്ന ഐവറി കോസ്റ്റ് സ്വദേശി ഡിയറസ്സൗബ ഹസ്സൻ ജൂനിയറിന് നേരേ ഫുട്ബോൾ കളിക്കിടെ എതിർ ടീം ചുമതലക്കാരും കാണികളും ചേർന്ന് ആക്രമിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതായി പരാതി. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് ആണ് പരാതി നൽകിയത്.
ഞായറാഴ്ച അരീക്കോടിനടുത്ത് ചെമ്രക്കാട്ടൂരിൽ ന്യൂലാല പൂക്കൊളത്തൂരും വാസ്ക്
വെല്ലേരിയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. ന്യൂലാലയ്ക്കുവേണ്ടി കോർണർ കിക്ക് എടുക്കാൻ ഒരുങ്ങുകയായിരുന്ന തന്നെ കാണികളിലൊരാൾ വംശീയമായി അധിക്ഷേപിക്കുകയും മറ്റൊരാൾ കല്ലെറിയുകയും ചെയ്തു. തിരിഞ്ഞുനോക്കിയപ്പോൾ വീണ്ടും കല്ലുകൾ എറിഞ്ഞ ഇവർ വംശീയാധിക്ഷേപം നിറഞ്ഞ അസഭ്യങ്ങൾ വിളിച്ചു.
ജീവഭയംകൊണ്ട് ഓടിയ തന്നെ എതിർടീം ചുമതലക്കാരും ആരാധകരും ചേർന്ന് മാരകമായി മുഖത്തും തലയ്ക്കും വയറ്റിലും ഇടിച്ചുവെന്നും തന്റെ ടീമിൻ്റെ ആരാധകർ ഇടപെട്ടതു കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും പരാതിയിൽ പറയുന്നു. അരീക്കോട് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.