
വടകരയിൽ വന്നത് ജയിക്കാൻ – ഷാഫി പറമ്പിൽ
- പാലക്കാട്ടുകാർ തന്നോട് കാണിച്ച സ്നേഹം വടകരക്കാരും കാണിയ്ക്കും ..
ഉത്തരവാദിത്വത്തിൽ ഉറച്ചുനിന്ന് പ്രവർത്തിക്കുമെന്നും വടകരയിൽ വന്നത് ജയിക്കാൻ വേണ്ടിയാണെന്നും ഷാഫി പറമ്പിൽ. പാലക്കാടുള്ള ജനങ്ങളുടെ സെക്കുലർ മൂല്യത്തെ, വർഗീയ അജണ്ടകളെ എതിർക്കുന്ന തീരുമാനത്തെ മറ്റു പാർട്ടികൾ കുറച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് ശശി തരൂർ മാത്രമേ ജയിക്കു എന്നും ഷാഫി പറമ്പിൽ. വടകരയിലെത്തുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശമ്പളം കിട്ടാത്തവരും പെൻഷൻ കിട്ടാത്തവരും എന്ത് ധൈര്യത്തിലാണ് എൽഡിഎഫിന് വോട്ട് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു. പത്മജയുടെ സർട്ടിഫിക്കറ്റ് മുരളീധരന് ആവശ്യമില്ലെന്നും പരിഗണയുടെ പേരിലാണെങ്കിൽ പോവേണ്ട പാർട്ടി ആണോ ബിജെപി എന്നും ഷാഫി പറമ്പിൽ ചോദിച്ചു. പത്മജ എവിടെ പ്രചരണം നടത്തിയാലും പത്തു വോട്ട് അധികം മുരളീധരൻ നേടുമെന്നും വടകരയുടെ രാഷ്ട്രീയ ബോധം കോൺഗ്രസിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.