
വയനാട് ഉരുൾപൊട്ടൽ; അതിതീവ്രമെന്ന് സമ്മതിച്ച് കേന്ദ്രം
- അധികസഹായത്തിന് വഴിയൊരുങ്ങുന്നു
തിരുവനന്തപുരം:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽദുരന്തം അതിതീവ്രമെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. മേപ്പാടിയിലെ ഉരുൾപൊട്ടലിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് ‘അതിതീവ്രസ്വഭാവമുള്ള ദുരന്ത’മായി കേന്ദ്രമന്ത്രിതലസംഘം പരിഗണിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്‌ത സംസ്ഥാന റവന്യുസെക്രട്ടറി ടിങ്കു ബിസ്വാളിന് കത്തയച്ചു. കൂടുതൽ കേന്ദ്രസഹായത്തിന് കാരണമാകും എന്നാണ് പ്രഖ്യാപനം.

വയനാട്ടിലേത് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.ഉരുൾപൊട്ടൽ ഉൾപ്പെടെ അതിതീവ്രസ്വഭാവമുള്ള ദുരന്തങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നാണ് പണം ചെലവഴിക്കേണ്ടത്. എന്നാൽ കേന്ദ്രം അതിതീവ്രദുരന്തമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ, കേന്ദ്ര ദുരന്തനിവാരണ നിധിയിൽനിന്ന് പ്രത്യേക സഹായധനം അനുവദിക്കാനും വേണമെങ്കിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും സാധിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസംഘത്തിന്റെയും സന്ദർശനവേളയിൽ അടക്കം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിതീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.എന്നാൽ അനുകൂല നിപാടെടുക്കാത്തതിൽ കേരളത്തിനും പുറത്തും പ്രതിഷേധം തുടരുകയാണ്.