
വയനാട് തുരങ്ക പാത നിർമ്മാണത്തിന് നാളെ തുടക്കം
- കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവ്വഹണ ഏജൻസി.
തിരുവനന്തപുരം: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവ്വഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്.

ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി നിലവിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് പാക്കേജുകളിലായാണ് നിർമ്മാണം പൂർത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമ്മാണം രണ്ടാമത്തെ പാക്കേജിലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്‌ദ സംവിധാനം, എസ്കേപ്പ് റൂട്ട്ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.
