
വയനാട് ദുരന്തം: ഡിഎൻഎ പരിശോധനാ ഫലം ഇന്നുമുതൽ ലഭ്യമാകും
- ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 90 പേരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്
കല്പറ്റ : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ശരീരഭാഗങ്ങളുടേയും തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടേയും ഡിഎൻഎ പരിശോധനയുടെ ഫലം ഇന്നുമുതൽ പുറത്തുവിട്ടു തുടങ്ങും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 90 പേരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവയുമായി ഒത്തുനോക്കി മരിച്ചവരെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഫലം ലഭിച്ചു തുടങ്ങിയെന്നും തിങ്കളാഴ്ച മുതൽ പരസ്യപ്പെടുത്തിത്തുടങ്ങുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. പരപ്പൻപാറയ്ക്ക് സമീപത്തു നിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോർട്ടത്തിനായി അയച്ചു. ഇവ മനുഷ്യന്റേതുതന്നെ ആണോ എന്ന് പോസ്റ്റുമോർട്ടത്തിലൂടെ മാത്രമേ അറിയാൻ കഴിയൂ. അട്ട മലയിൽനിന്ന് എല്ലിൻകഷ്ണവും കിട്ടിയിട്ടുണ്ട്. ഇതും മനുഷ്യൻ്റേതാണോ എന്ന് ഉറപ്പില്ലാത്തതിനാൽ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.