
വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി
- ഇന്നലെ പുലർച്ചെ ഏകദേശം 12.45 ഓടയാണ് അപകടം ഉണ്ടായത്
താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ വള്ളിയാട് ആനോറമ്മൽ മലയിൽ ഉരുൾപൊട്ടി കന്നുകാലി ഫാം ഒലിച്ചുപോവുകയും 5 പശുക്കളും 3 കിടാങ്ങളും ചത്തു. മണ്ണിനടിയിലായത് ആനോറമ്മൽ അബ്ദുറഹിമാൻ പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തുന്ന ഫാമാണ്. വീടിൻ്റെ മുൻ വശത്തുള്ള ഇലക്ട്രിക് പോസ്‌റ്റ് വീഴുന്ന ശബ്ദം കേട്ട് ഞെട്ടി ഉണർന്നതാണ് അബ്ദുറഹിമാനും കുടുംബവും. പിന്നെ കാണുന്നത് തൊട്ടടുത്തുള്ള ഫാം ഉൾപ്പടെ മണ്ണിനടിയിലായ കാഴ്ചയാണ്.
ഇന്നലെ പുലർച്ചെ ഏകദേശം 12.45 ഓടയാണ് അപകടം ഉണ്ടായത് . ഒന്നര ഏക്കറോളം വരുന്ന സ്‌ഥലത്ത് 65 സെന്റ് സ്ഥലത്തെ തെങ്ങ്, കവുങ്ങ്, റബർ ഉൾപ്പടെയുള്ളവയും ഒലിച്ചു പോകുകയും ചെയ്തു.
മല ഇടിഞ്ഞ് വീണ മണ്ണും ചെളിയും അടിഞ്ഞ് കൈതപ്പൊയിൽ ആനോറമ്മൽ വള്ളിയാട് റോഡിലെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഈ മണ്ണ് എടുത്തു മാറ്റിയാൽ ആണ് ആനോറമ്മൽ നിന്ന് വള്ളിയാട് ഭാഗത്തേക്കും തിരിച്ചും നാട്ടുകാർക്ക് പോകാൻ കഴിയുള്ളൂ.