
വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ തകർന്ന് സ്റ്റാർഷിപ്പ്
- സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണമാണിത്
വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിട്ടുകൾക്കകം തകർന്നു. ഇന്നലെ ടെക്സസസിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത് . റോക്കറ്റിൻ്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്സിക്കോ ഉൾക്കടലിന് മുകളിലൂടെ പറന്ന വിമാനങ്ങൾ വഴി തിരിച്ചു വിട്ടു . പല വിമാന സർവീസുകളും റദ്ദാക്കുകയും ചെയ്തു.വിക്ഷേപിച്ച് ഏകദേശം ഏഴ് മിനിറ്റിന് ശേഷം സ്റ്റെയിൻലെസ് സ്റ്റീൽ സൂപ്പർ ഹെവി ബൂസ്റ്റർ, സൂപ്പർസോണിക് വേഗതയിൽ നിന്ന് കുത്തനെ കുറഞ്ഞു. ഇതോടെ മുഴങ്ങുന്ന ശബ്ദങ്ങളുണ്ടായി. തുടർന്ന് സ്പേസ് എക്സസ് മിഷൻ കൺട്രോളിന് സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ വിക്ഷേപണ വാഹനമായിരുന്നു ഇത്.

സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണമായിരുന്നു ഇത്.സൗത്ത് ടെക്‌സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് പ്രാദേശിക സമയം 5.38നാണ് ലോഞ്ച് ചെയ്തത്. ദൗത്യം പരാജയപ്പെട്ടെന്ന് സ്ഥിരീകരിച്ച് സ്പേസ് എക്സ് കമ്യൂണിക്കേഷൻസ് മാനേജർ ഡാൻ ഹ്യൂട്ട് എക്സിൽ പോസ്റ്റിട്ടിരുന്നു. ഇതിന് മുമ്പും സ്റ്റാർഷിപ് പരാജയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോഴായിരുന്നു അപകടം.’വിജയം അനിശ്ചിതത്വത്തിലാണ്, പക്ഷേ വിനോദം ഉറപ്പാണ്’ എന്നാണ് സംഭവത്തിന് പിന്നാലെ വീഡിയോ പങ്കുവച്ച് മസ്ക് എക്സിൽ കുറിച്ചത്.