
വിജയ ശതമാനം കുറഞ്ഞ് സ്കോളർഷിപ് പരീക്ഷകൾ; തോൽപ്പിച്ചതെന്ന് ആക്ഷേപം
- ഒരു ലക്ഷത്തിലേറെ കുട്ടികൾക്ക് സ്ലോളർഷിപ്പ് ഇനത്തിൽ 37 കോടിരൂപയാണ് സർക്കാർ കുടിശ്ശികയുള്ളത്
തിരുവനന്തപുരം:ഏഴാം ക്ലാസ് വിദ്യാർഥികൾ എഴുതുന്ന യുഎസ്എസ് പരീക്ഷയിൽ ഇത്തവണ വിജയം 7.79 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം 12.13 ശതമാ നമായിരുന്നു വിജയം. എന്നാൽ വിജയ ശതമാനം കുറഞ്ഞതിന് പിന്നിൽ സർക്കാർ കുടിശ്ശിക കെട്ടിക്കിടക്കുന്ന വിവാദങ്ങളിലേക്ക് കൂടി ചർച്ച മുറുകുകയാണ്. അഞ്ചുവർഷത്തെ സ്കോളർഷിപ്പ് തുക കുട്ടികൾക്ക് സ്കോളർഷിപ്പ് കുടിശ്ശിക ഇനത്തിൽ സർക്കാർ ഇനിയും നൽകിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി വിതരണം വെട്ടിച്ചുരുക്കാൻ ഇത്തവണ കുട്ടികളെ തോൽപ്പിച്ചെന്നാണ് ആക്ഷേപം. എന്നാൽ, യുഎസ്എസ് നേടാനുള്ള യോഗ്യതാമാർക്ക് 70 ശതമാനമാണെന്നും അതു നേടാത്തവർ സ്വാഭാവികമായും പരാജയപ്പെടുമെന്നും പരീക്ഷാഭവൻ അധികൃതർ പ്രതികരിച്ചു.
അതേസമയം, നാലാംക്ലാസ് വിദ്യാർഥികൾ എഴുതുന്ന എൽഎസ്എസ് സ്കോളർഷിപ്പിൽ വിജയ ശതമാനം 20.08 ആയി ഉയർന്നു. മുൻവർഷം 17.3 ശതമാനമായിരുന്നു. എൽഎസ്എസ് നേടുന്നവർക്ക് ഏഴാംക്ലാസുവരെ വർഷം ആയിരംരൂപ സ്കോളർഷിപ്പായി നൽകും. യുഎസ്എസ് നേടിയവർക്ക് പത്താംക്ലാസ് വരെ 1500 രൂപയും നൽകും. പക്ഷേ, അഞ്ചുവർഷമായി ഈ തുക വിതരണം ചെയ്യുന്നില്ല. ഇങ്ങനെ, ഒരു ലക്ഷത്തിലേറെ കുട്ടികൾക്ക് സ്ലോളർഷിപ്പ് ഇനത്തിൽ 37 കോടിരൂപയാണ് സർക്കാർ കുടിശ്ശികയുള്ളത്.