
വിദ്യാർത്ഥികളുടെ വിനോദയാത്രകൾക്ക് നിയന്ത്രണങ്ങൾ വരും
- സ്‌കൂൾ, കോളേജ് ടൂറുകൾ നിരീക്ഷിക്കാൻ നീക്കം, പൊലീസും എക്സൈസും ഒരുങ്ങി
തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ വിനോദയാത്രകളിൽ ലഹരിയെത്തുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ, കോളേജ് ടൂറുകൾ നിരീക്ഷിക്കാൻ നീക്കം. പൊലീസും എക്സൈസും ഒരുങ്ങി . ഇതിനായി പദ്ധതികൾ ഉടൻ ആവിഷ്കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയ സംഭവത്തിന്റെ അടിസ്ഥാനത്തിലാണിത്. കോളേജ് കാമ്പസുകൾ ലഹരി മുക്തമാക്കാൻ കാമ്പസുകളും ഹോസ്റ്റലുകളും പരിശോധിക്കുന്നതിന് ചാൻസലർ കൂടിയായ ഗവർണർ അനുമതി നൽകിയത് പരിഗണിച്ച് ലഹരിയെകെട്ടുകെട്ടിക്കാൻ നിരീക്ഷണവും നടപടികളും ശക്തമാക്കാനാണ് നീക്കം.മദ്ധ്യവേലനവധിക്ക് ആഴ്ചകൾ മാത്രം ശേഷിക്കെ വർഷാന്ത്യപരീക്ഷകൾക്ക് മുന്നോടിയായി വിനോദ യാത്രകളുടെ സമയമാണിപ്പോൾ.

വിനോദയാത്രക്കിടെ രാസലഹരിയുടെ ഉപയോഗവും അക്രമ സംഭവങ്ങളും വ്യാപകമായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നടപടികൾ ശക്തമാക്കാനാണ് നീക്കം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിനോദ യാത്രയ്ക്കെത്തുന്ന സംഘങ്ങളും നിരീക്ഷണത്തിലാകും. ലഹരി പിടിക്കപ്പെട്ടാൽ വാഹന ഉടമയെയും ജീവനക്കാരെയും കൂടി കേസിൽ ഉൾപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.