
വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണം ; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്
- പുതിയ അധ്യായന വർഷത്തിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ആൾ കേരള ബസ് ഓപററ്റേഴ്സ് ഓർഗനൈസേഷൻ
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കി ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. പുതിയ അധ്യായന വർഷത്തിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ആൾ കേരള ബസ് ഓപററ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി.

ബസ് നിരക്ക് സംബന്ധിച്ച റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അടയിരിക്കുകയാണ്. ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വകാര്യ ബസുകളിൽ കൂടുതലും യാത്ര ചെയ്യുന്നത് വിദ്യാർഥികളാണ്. 90 വിദ്യാർഥികൾ കയറിയാലേ ഒരു ലിറ്റർ ഡീസൽ അടിക്കാൻ സാധിക്കൂവെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.13 വർഷമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ മിനിമം നിരക്ക് ഒരു രൂപയാണ്. ഈ നിരക്കുമായി മുന്നോട്ടു പോകാൻ സാധിക്കില്ലെന്നും മിനിമം നിരക്ക് അഞ്ച് രൂപയായി ഉയർത്തണമെന്നുമാണ് ബസ് ഉടമകളുടെ നിലപാട്.വിദ്യാർഥികളുടെ മിനിമം നിരക്ക് ഉയർത്തണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. മെയ് ആദ്യവാരം മുതൽ സമരവുമായി മുന്നോട്ടു പോകും. സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ സംരക്ഷിക്കേണ്ടതുണ്ട്. അനുകൂല നിലപാട് സർക്കാർ സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറയുന്നു.