
വിദ്യാർഥിയുടെ ദുരൂഹ മരണത്തിൽ ബാഹ്യ ഇടപെടലുകൾ സംശയിക്കുന്നു; കർമസമിതി
- തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെങ്കിലും സാഹചര്യത്തെളിവുകൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്
നരിപ്പറ്റ: ദുരൂഹ സാഹചര്യത്തിൽ മരിച്ച വടക്കേ കമ്മായി മലയിലെ അക്ഷയുടെ (22) കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കർമസമിതി ഭാരവാഹികൾ. കുറ്റ്യാടി പോലീസ് നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം നടത്തുന്നില്ല. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെങ്കിലും സാഹചര്യത്തെളിവുകൾ കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. എന്നാൽ അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണ് കുറ്റ്യാടി പോലീസ് നടത്തുന്നതെന്ന് കർമസമിതി പറയുന്നു. ബാഹ്യ ഇടപെടലുകൾ സംശയിക്കുന്നതായും കർമസമിതി പറയുന്നു.
മൃതദേഹം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയക്കാതെ ധൃതിപിടിച്ച് വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തതടക്കമുള്ള കാര്യങ്ങൾ സംശയം ബലപ്പെടുത്തുന്നതായി ഭാരവാഹികൾ ചൂണ്ടികാട്ടി. മകന്റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തി തെളിവുകൾ ശേഖരിക്കാൻ പോലീസ് തയ്യാറാകണമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത അക്ഷയിൻ്റെ അച്ഛൻ വി.കെ. സുരഷ് പറഞ്ഞു.