
വിദ്യാർഥിയെ യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചു
- എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിൻ്റെ മകൻ മിസ്ഹബ് എന്ന വിദ്യാർഥിയ്ക്ക് നേരെയാണ് അക്രമമുണ്ടായത്
നാദാപുരം: ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്ന വിദ്യാർഥിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. എടച്ചേരി തലായി മുസ്ല്യാരവിട താഴക്കുനി ഇബ്രാഹിമിൻ്റെ മകൻ മിസ്ഹബ് (13) എന്ന വിദ്യാർഥിയ്ക്ക് നേരെയാണ് അക്രമമുണ്ടായത്.കൂട്ടുകാരുമായി ശനിയാഴ്ച വൈകീട്ട് തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ പുനത്തിൽ ശമിൽരാജിന്റെ നേതൃത്വത്തിൽ നാലംഗസംഘം കുട്ടിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി.

മർദനത്തിൽ മുഖത്തും നെഞ്ചിനും പരിക്കേറ്റ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകരയിലും പ്രവേശിപ്പിച്ചു . ഗ്രൗണ്ടിൽ കളിക്കാൻ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് കുട്ടിയോടൊപ്പമുണ്ടായിരുന്നവർ പറഞ്ഞു. പരിസരത്തുള്ള വീട്ടിലെ സ്ത്രീകളും കൂടെ കളിക്കുന്ന കുട്ടികളും ബഹളം വെച്ചതോടെ അക്രമികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. എടച്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.