
വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറമ്പില്‍ എംപി
- പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍
വിലങ്ങാട് : വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂമന്ത്രി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എംപി. വിഷയം ഗൗരവപൂര്‍വം കാണുന്നുവെന്നും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ വാസയോഗ്യമാണോ എന്നു പരിശോധിക്കാനും കേടുപാടുകള്‍ സംഭവിക്കാത്തവയില്‍ താമസം സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്താനും വിദഗ്ധ സംഘത്തെ അയക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
നാടിനു വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് മാത്യു മാഷിന്റേതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഒരു ദുരന്തമുണ്ടായപ്പോള്‍ സ്വജീവന്‍ പോലും മറന്ന് ദുരന്ത മേഖലയിലേക്ക് ഓടിയെത്തി. അദ്ദേഹത്തെ കാണാതായി എന്നു നിമിഷം മുതല്‍ ഇതുവരെയും നല്ല വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിച്ചു. മാഷിന്റെ വിയോഗം പ്രദേശത്തിനാകെ വലിയ നഷ്ടമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.