
വിഴിഞ്ഞം തുറമുഖം: ജിഎസ്ടിയായി ഇതുവരെ ലഭിച്ചത് 16.5 കോടി
- ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പൽ തുറമുഖത്തെത്തി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖത്തിന് സജ്ജമായി. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പൽ തുറമുഖത്തെത്തി. ഒന്നരലക്ഷത്തോളം കണ്ടെയ് നറുകൾ ഇക്കാലയളവിൽ കൈകാര്യം ചെയ്തു. നവംബറിലാണ് കൂടുതൽ കപ്പലുകളെത്തിയത്. 30 കപ്പലുകളായിരുന്നു നവംബറിൽ മാത്രം തുറമുഖത്തെത്തിയത്.

കമീഷനിങ് നടക്കുന്ന ദിവസം ചെന്നൈ ഐഐടിയുടെ ഇൻഡിപെൻഡൻ്റ് എൻജിനിയർ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് തുറമുഖ അധികൃതർക്ക് കൈമാറി കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖമായി പ്രഖ്യാപിക്കും. തുറമുഖം ജേഡ് സർവീസിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ഷിപ്പിങ് കമ്പനിയായ എംഎസി ആരംഭിച്ചിട്ടുണ്ട്. ജേഡ് സ ർവീസ് വിഭാഗത്തിൽ അംഗത്വം ലഭിക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ് വിഴിഞ്ഞം. ജിഎസ്ടിയായി ഇതുവരെ 16.5 കോടി ലഭിച്ചു. ഇതിൽ പകുതി കേരളത്തിന് കിട്ടും. ജനുവരി ആദ്യവാരമായിരിക്കും തുറമുഖത്തിൻ്റെ കമീഷനിങ്. ഇത് കഴിയുന്നതോടെ കൂടുതൽ കപ്പലുകൾ വരും. ഇതിലൂടെ ലഭിക്കുന്ന നികുതിയും വർധിക്കും.
