
വിഴിഞ്ഞം തുറമുഖം: സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത് 97 കോടി രൂപ
- അടുത്ത ഘട്ടം നിർമാണം ജനുവരിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ടം ഉൾപ്പെട്ട പ്രവർത്തനങ്ങൾ ജനുവരി രണ്ടാംവാരത്തോടെ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യമനുസരിച്ചാവും ജനുവരിയിലെ ഉദ്ഘാടനം നിശ്ചയിക്കുകയെന്നും 2028-ഓടു കൂടി തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു .

വിഴിഞ്ഞം തുറമുഖത്തെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 2024 ഡിസംബർ മൂന്നിനായിരുന്നു തുറമുഖത്തെ വാണിജ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ജനുവരി രണ്ടാം വാരത്തിൽ തുറമുഖത്തെയും കഴക്കൂട്ടം കാരോട് ദേശീയപാതയെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുളള അപ്രോച്ച് റോഡിന്റെ കണക്റ്റിവിറ്റി റോഡിന്റെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കരമാർഗമുളള ചരക്കുനീക്കത്തിനുള്ള തുടക്കമാകുമെന്നും മന്ത്രി വ്യക്തമാക്കി.
