
വിൽക്കരുതേ വിദ്യാഭ്യാസം !
✍️നെല്ലിയോട്ട് ബഷീർ
വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ സാമൂഹ്യ-സാംസ്കാരിക പുരോഗതിക്കു ദിശാബോധം നൽകുന്ന അടിസ്ഥാനശിലയാണ്.മനുഷ്യന്റെ ചിന്താശേഷിയും സാമൂഹിക ബോധവുമാണ് വിദ്യാഭ്യാസം വഴി വളരുന്നത്.വിദ്യാഭ്യാസത്തെ ഒരു തൊഴില്‍ നേടുന്നതിനുള്ള ഉപാധി മാത്രമായി കാണാനാവില്ല. മറിച്ച്,ലോകത്തെ അറിയാനും അതിനെ മാറ്റാനും അതുവഴി സ്വയം മാറാനുമുള്ള ഉപാധികൂടിയാണ് വിദ്യാഭ്യാസം.ഇന്നത്തെ കോര്‍പ്പറേറ്റ് ലോകത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അനുദിനം വര്‍ധിക്കുകയാണ്.മറ്റെല്ലാ രംഗത്തുമെന്നതുപോലെ വിദ്യാഭ്യാസരംഗത്തും മൂലധനശക്തികള്‍ പിടിമുറുക്കുകയാണ്. പൊതുവിദ്യാഭ്യാസം കൈയൊഴിയാനും ഉന്നതവിദ്യാഭ്യാസം അപ്പാടേ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുമാണ് സർക്കാരുകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നേരത്തെ സംസ്ഥാന ലിസ്റ്റിൽ ഉണ്ടായിരുന്നതും ഇപ്പോൾ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതുമായ വിദ്യാഭ്യാസത്തെ ഏതാണ്ട് പരിപൂർണ്ണമായി സെൻട്രൽ ലിസ്റ്റിലേക്ക് ഏറ്റെടുക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ ഏതാനും വർഷങ്ങളായി കൊണ്ടുവരാൻ ശ്രമിക്കുന്നത്. പി എം ശ്രീ പദ്ധതി അതിനൊരു ഉദാഹരണമാണ്. കേന്ദ്രസർക്കാരിന്റെ കൈപ്പിടിയിലേക്ക് രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വേണം ഈ പദ്ധതിയെ നോക്കിക്കാണാൻ.വിവിധ കേന്ദ്ര പദ്ധതികളുടെ ധനസഹായം തടഞ്ഞ് സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് അധികാരികൾ ഇപ്പോൾ നടത്തുന്നത്.ഹിന്ദുത്വ അജന്‍ഡ മുറുകെപ്പിടിക്കുന്ന കേന്ദ്രസര്‍ക്കാരാവട്ടെ ദേശീയ വിദ്യാഭ്യാസ നയം 2020-ലൂടെ ശാസ്ത്രവിരുദ്ധവും ചരിത്രവിരുദ്ധവുമായ ആശയങ്ങള്‍ കുട്ടികളില്‍ അടിച്ചേല്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ചെയ്തു വരുന്നത്.
“പ്രധാനമന്ത്രി ശ്രീ” അഥവാ “PM SHRI (Pradhan Mantri Schools for Rising India)” എന്ന പദ്ധതിയെ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും വഴി ആർ എസ് എസ് അജണ്ടകൾ നടപ്പിലാക്കുക എന്നതാണ് ശ്രീ പി എം ഉദ്ദേശിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ. എന്നാൽ രാജ്യത്തെ സ്കൂളുകളെ മാതൃകാപരമായി വികസിപ്പിച്ച് പഠനരംഗത്തെ ഗുണനിലവാരം ഉയർത്തുക,ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിക്കുക, വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത് എന്ന് കേന്ദ്ര സർക്കാർ പറയുന്നു. 2022ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഏകദേശം പതിനാലായിരത്തോളം സ്കൂളുകൾ രാജ്യവ്യാപകമായി തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്,അവയെ “മോഡൽ സ്കൂളുകൾ” ആയി വികസിപ്പിക്കുകയാണ് ലക്ഷ്യം എന്നും പറയുന്നു. അടിസ്ഥാനസൗകര്യ വികസനം,ലബോറട്ടറി സംവിധാനങ്ങൾ, ആധുനിക ക്ലാസ്സ്‌റൂമുകൾ, അധ്യാപക പരിശീലനം, വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഉത്തരവിലൂടെ പറയുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ മുന്നിലുള്ള സംസ്ഥാനമായി കണക്കാക്കപ്പെടുന്ന കേരളത്തിൽ വളരെ നേരത്തെ തന്നെ മുകളിൽ പറഞ്ഞ നൂതന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മുന്നേറിയിട്ടുണ്ട്. സാക്ഷരത,ഡിജിറ്റൽ വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസത്തിലെ ഗുണനിലവാരം, വിദ്യാർത്ഥികളോടുള്ള സൗഹൃദപരമായ സമീപനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നേട്ടം നാം കൈവരിച്ചത്. പി എം ശ്രീ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ കേരള സർക്കാർ അതിനെ സ്വീകരിക്കാൻ എളുപ്പത്തിൽ മുന്നോട്ടു വന്നിരുന്നില്ല എന്ന് നമുക്കറിയാവുന്നതാണ്,അത് കേരളത്തിന് ആവശ്യമില്ലാതാനും.സംസ്ഥാന വിദ്യാഭ്യാസ നയത്തിന്റെ സ്വതന്ത്രതയും ദീർഘകാലമായി രൂപപ്പെട്ട സാമൂഹിക മൂല്യങ്ങളുമാണ് ഇതിന് പിന്നിൽ.കേന്ദ്ര നയങ്ങൾ ചിലപ്പോൾ സംസ്ഥാന വിദ്യാഭ്യാസ രീതികളിൽ അനാവശ്യ ഇടപെടലുകൾ സൃഷ്ടിക്കാമെന്ന് വിലയിരുത്തി കൊണ്ടാണ് കേരള സർക്കാർ ഇത്രയും കാലം മുന്നോട്ടു പോയത്. പ്രത്യേകിച്ച്, ദേശീയ വിദ്യാഭ്യാസ നയം (NEP 2020) കേരളം സ്വീകരിക്കാത്തതും അതുമായി ബന്ധപ്പെട്ട ആശങ്കകളും ഈ പദ്ധതിയെ സംശയാത്മകമായ നിലയിലേക്ക് നയിച്ചിരുന്നു.
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ശ്രീ വി.ശിവൻകുട്ടി ആദ്യഘട്ടത്തിൽ തന്നെ വ്യക്തമാക്കി പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള ഉദ്ദേശമില്ലെന്ന്. കാരണം, ഈ പദ്ധതിയിൽ ഉൾപ്പെട്ട നിബന്ധനകൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയവുമായി പൊരുത്തപ്പെടുന്നില്ലെന്നും, ഇതിലൂടെ കേന്ദ്രസർക്കാരിന് സംസ്ഥാന വിദ്യാഭ്യാസ വ്യവസ്ഥയിൽ നിയന്ത്രണം ലഭിക്കാനിടയുണ്ടെന്നും സർക്കാർ വാദിച്ചു. അതേസമയം, കേന്ദ്രസർക്കാരിന്റെ ധനസഹായങ്ങൾ നേരത്തേക്കാൾ കുറയുകയും നിരവധി പദ്ധതികൾക്ക് ഫണ്ടുകൾ തടസ്സപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സാമ്പത്തിക സമ്മർദ്ദം നേരിട്ടിരുന്നു.ഇതോടെ, കാലക്രമേണ കേന്ദ്രസഹായം നഷ്ടപ്പെടാതിരിക്കാനും, സംസ്ഥാനത്തെ ചില സ്കൂളുകൾക്ക് ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി സർക്കാർ നിലപാട് മാറ്റാൻ തയ്യാറായതായി കാണുന്നു.
2025ൽ,കേരള സർക്കാർ 260 സ്കൂളുകളിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നറിയുമ്പോൾ ഞെട്ടൽ ഉളവാക്കുന്നു.ഈ മാറ്റം മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.ചിലർ ഇതിനെ രാഷ്ട്രീയമായ നിലപാട് മാറ്റം അഥവാ “യു-ടേൺ” എന്ന് വിശേഷിപ്പിച്ചു. ഇടതുപക്ഷ സർക്കാരായ എൽ ഡി ഫിന്റെ ഈ തീരുമാനത്തോട് സി പി ഐ പാർട്ടി തന്നെ തുറന്ന വിമർശനം ഉന്നയിച്ചിട്ടു പോലും ചെവി തുറക്കാൻ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ തയ്യാറാകുന്നില്ല. മുന്നണിക്കകത്തോ മന്ത്രിസഭയിലോ ചർച്ച ചെയ്യാത്ത കാര്യങ്ങൾ ഏകപക്ഷീയമായി നടപ്പാക്കാൻ സി പി എം ശ്രമിച്ചു കൊണ്ടിരിക്കുന്നു.കേരള സർക്കാർ ഒടുവിൽ ശരിയായ ദിശയിലേക്കാണ് എത്തിയതെന്ന് ബി ജെ പി അഭിപ്രായപ്പെടുന്ന അവസ്ഥ വരെ എത്തിയിരിക്കുന്നു.അതവരുടെ രാഷ്ട്രീയ ലക്ഷ്യമാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്.’വെറുതെ 1466 കോടി രൂപ കളയേണ്ടല്ലോ’ എന്നാണ്, പി എം ശ്രീ പദ്ധതി എന്ന കെണിയിൽ തലവെച്ചുകൊടുക്കുന്നതിന് വിദ്യാഭ്യാസമന്ത്രി ശ്രീ വി. ശിവൻകുട്ടി പറയുന്ന ന്യായം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കം അപ്പടി അംഗീകരിച്ചുകൊണ്ടാണോ സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത് എന്ന് സി.പി.ഐ ചോദിക്കുന്നു. മന്ത്രിസഭയിലോ മുന്നണിയിലോ പോലും ചർച്ച ചെയ്യാതെയാണ് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന് അവകാശപ്പെട്ട വിദ്യാഭ്യാസവിഹിതം വാങ്ങിയെടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കേരളത്തിൽനിന്നുണ്ടാകേണ്ടതെന്ന് വിദ്യാഭ്യാസ വിചക്ഷണർ പറയുന്നു, അല്ലാതെ പി എം ശ്രക്ക് തല വെച്ചു കൊടുക്കുകയല്ല വേണ്ടത്.ഈ രാഷ്ട്രീയ വിരോധാഭാസങ്ങൾക്കിടയിലും സർക്കാർ വ്യക്തമാക്കിയിരിക്കുന്നത് പദ്ധതിയിൽ ചേരുന്നത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തെ മാറ്റുന്നതിനല്ലെന്നും, കേന്ദ്രസഹായം ലഭ്യമാക്കാനുള്ള പ്രായോഗിക നടപടിയാണിതെന്നും, ഇത് ഒരു മുടന്തൻ ന്യായം മാത്രം.
കേരളത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥ നേരത്തെ തന്നെ “ഹൈടെക് സ്കൂൾ”, “വികസിത പാഠശാല”, “പഠനം കേരളം” തുടങ്ങിയ പദ്ധതികളിലൂടെ മികച്ച നിലവാരത്തിലേക്ക് എത്തിയതാണ്. അതിനാൽ തന്നെ പി എം ശ്രീ യുടെ ലക്ഷ്യങ്ങൾ അത്ര പുതുമയുള്ളതല്ലെന്ന അഭിപ്രായവുമുണ്ട്. സംസ്ഥാന സർക്കാരിനു തന്നെ ഇത് തുടർന്ന് ചെയ്യാവുന്നതേയുള്ളു. സംസ്ഥാനത്തെ ചില പിന്നാക്ക പ്രദേശങ്ങളിലെ സ്കൂളുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, പഠനസൗകര്യങ്ങൾ, ലബോറട്ടറികൾ,സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ, വിദ്യാർത്ഥികളുടെ സാങ്കേതിക പരിശീലനം എന്നിവ കൂടുതൽ ഫലപ്രദമാകുന്ന രീതിയിൽ സ്വന്തമായി പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാൻ കേരള സർക്കാരിന് പ്രവീണ്യമുണ്ട്.
ചില വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് പദ്ധതിയുടെ യാഥാർത്ഥ്യമായ ലക്ഷ്യം വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുക മാത്രമല്ല, കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നതാണെന്നും.ഇത് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ സ്വതന്ത്രതയ്ക്ക് വെല്ലുവിളിയാകാമെന്ന ആശങ്കയും നിലനിൽക്കുന്നു.കേരളം തന്റെ വിദ്യാഭ്യാസ നയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്.ഇതൊന്നും ചിന്തിക്കാതെ ബി ജെ പി യുടെ തൊഴുത്തിൽ കൊണ്ട് കെട്ടുന്നത് വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിലേക്കുള്ള അവിശുദ്ധ കൂട്ടുകെട്ടിന് നാന്ദി കുറിക്കാനാണ് എന്ന് പറയേണ്ടതില്ലല്ലോ.അനാവശ്യ കാര്യങ്ങൾക്ക് വാരിക്കോരി ചിലവാക്കി സാമ്പത്തികമായി പ്രതിസന്ധിയിലായിരിക്കുന്ന സർക്കാരിന് കേന്ദ്രസഹായം ഉറപ്പാക്കാനുള്ള പ്രായോഗി പ്രവർത്തനമാണ് ഇവർ ചെയ്തു വരുന്നത് എന്ന് വരുത്തതീർക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഈ പദ്ധതി വിദ്യാർത്ഥികൾക്ക് ഗുണകരമാണ് എന്ന നിലപാടാണ് ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ രാഷ്ട്രീയമായി ഇതിന്റെ പ്രതിഫലം ഇരട്ടതലത്തിലുള്ളതാണ്.ഭരണ സൗകര്യവും ധനസഹായവും ഉറപ്പുവരുത്തുമ്പോൾ, രാഷ്ട്രീയ പ്രതിപക്ഷം ഈ തീരുമാനം ഭരണകക്ഷിയുടെ വിയോജിച്ച നിലപാടുകളുടെ ദുർബലതയായിത്തന്നെ എടുത്തു കാട്ടുന്നതിൽ അത്ഭുതമില്ല.
കേരളത്തിൽ വിദ്യാഭ്യാസം ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ ഫലമായിട്ടാണ് വളർന്നത്. അതിനാൽ വിദ്യാഭ്യാസ നയങ്ങൾ എപ്പോഴും ജനകീയ ചർച്ചകളുടെയും വിമർശനങ്ങളുടെയും വഴിയിലാണ് മുന്നേറുന്നത്. പി എം ശ്രീ പദ്ധതിയേയും കേരളം അതേ രീതിയിലാണ് സമീപിക്കേണ്ടത്. പദ്ധതിയിൽ ചേരുന്നത് കേന്ദ്രസർക്കാരിന്റെ ആശയങ്ങൾ അനുകരിക്കലല്ല,മറിച്ച് സംസ്ഥാനത്തിന്റെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാനുള്ള ശ്രമമാണെന്ന വ്യാഖ്യാനം കേരള സർക്കാർ നൽകുന്നതിലെ ഔചിത്യം സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്നതല്ല.
പി എം ശ്രീ പദ്ധതിയിലൂടെ സ്കൂളുകൾക്ക് ലഭിക്കുന്ന ആധുനിക സൗകര്യങ്ങൾ, അധ്യാപക പരിശീലനം, വിദ്യാർത്ഥികളുടെ സാങ്കേതിക മുന്നേറ്റം തുടങ്ങിയവ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ പുതിയ പ്രതീക്ഷകൾ വളർത്തുന്നുണ്ട് എന്ന് കേന്ദ്ര ഭരണകൂടം പറയുന്നതിൽ കഴമ്പില്ല. എന്നാൽ കേന്ദ്ര-സംസ്ഥാന ബന്ധവും രാഷ്ട്രീയ നിലപാടും ചേർത്ത് വായിച്ച് ഒരു സമവാക്യം രൂപപ്പെട്ടാൽ നാം അതിശയിക്കേണ്ടതില്ല. പദ്ധതിയുടെ വിജയവും പരാജയവും ഈ സമത്വം എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളത്തിന്റെ സമീപനം ഒരു “രാഷ്ട്രീയ ബുദ്ധിപരത” ആയി നമുക്ക് വിലയിരുത്താം.സ്വന്തം മൂല്യങ്ങൾ കൈവെടിഞ്ഞു കൊണ്ട് താൽക്കാലികാശ്വാസം കണ്ടെത്തുന്ന നിലപാട്.
ഇങ്ങനെ നോക്കുമ്പോൾ, പി എം ശ്രീ പദ്ധതിയും കേരള സർക്കാരിന്റെ കാഴ്ചപ്പാടും ഇന്ത്യൻ വിദ്യാഭ്യാസ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായമായി എഴുതി ചേർക്കേണ്ടി വരും.വിദ്യാർത്ഥികളുടെ ഭാവി ലക്ഷ്യമാക്കി രാഷ്ട്രീയ ചർച്ചകൾ നടക്കേണ്ട കാലത്ത് വിദ്യാഭ്യാസം തീറെഴുതികൊടുത്ത് ഉപജീവനമാർഗം കണ്ടെത്തുന്നത് അരിയാഹാരം കഴിക്കുന്നവർക്ക് യോചിച്ചതല്ല എന്നേ പറയാനുള്ളു.
