
വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
- യുഎസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം
ദോഹ:നീണ്ട പതിനഞ്ച് മാസത്തെ യുദ്ധത്തിന് അവസാനമായിരിയ്ക്കുന്നു. ദുരന്തമുഖത്തു തുടർന്ന ഗാസയ്ക്ക് ഇനി ആശ്വാസം. വെടിനിർത്തൽ കരാറിൽ ഒപ്പ് വച്ച് ഇസ്രായേലും ഹമാസും. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിർത്തലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണയായെന്ന് ഖത്തറിന്റെ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽത്താനി സ്ഥിരീകരിച്ചു.യുഎസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം. കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ട് വെച്ച സമാധാന കരാറിന്റെ കരടാണ് ഇപ്പോൾ പ്രാവർത്തികമായത്. സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്റെയും, ദീർഘമായ ചർച്ചകളുടെയും ഫലമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.അതേസമയം ഇത് ഗാസയിലെ ജനങ്ങളുടെ ധീര വിജയമാണെന്ന് ഹമാസ് പ്രതികരിച്ചു. ഗാസയിൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതായി ഹമാസിന്റെ ആക്ടിംഗ് ഗാസ മേധാവി ഖലീൽ അൽ-ഹയ്യ പറഞ്ഞു.

2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ കടന്നുകയറി 1139 പേരെ വധിക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് വീണ്ടും യുദ്ധം ആരംഭിച്ചത്. 2023 വെടിനിർത്തൽ സമയത്ത് നവംബറിൽ 105 പേരെ മോചിപ്പിച്ചിരുന്നു. പകരമായി ഇസ്രയേലിൽ തടവിലുണ്ടായിരുന്ന 240 പലസ്തീൻകാരെയും മോചിപ്പിച്ചു. ബന്ദികളിൽ 94 പേരെ ഇനിയും വിട്ടുകിട്ടാനുണ്ട്. അവരിൽ മുപ്പതിലേറെപ്പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പറയുന്നത്. ഇസ്രയേൽ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും സമാധാന കരാർ നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൻറെ കാലാവധി 42 ദിവസമാണ്. ആദ്യഘട്ടത്തിൽ ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ തടവിലാക്കിയ നൂറിലേറെ പലസ്തീൻകാരെ വിട്ടയയ്ക്കും. ഗാസയിലെ ജനവാസമേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിൻമാറും.
