
വേനൽ കടുത്തു കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലേക്ക്
- പൂനൂർ പുഴയും മെലിയുന്നു
- ഒട്ടേറെ കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്നത് പൂനൂർ പുഴയിലെ നീരോഴുക്കിനെയാണ്
താമരശ്ശേരി: വേനൽ കടുത്തതോടെ പുഴകളിലെ ജലവിതാനവും ക്രമാതീതമായി താഴുന്നു. പൂനൂർപ്പുഴയിൽ വെള്ളം വലിയ തോതിൽ വറ്റുന്നതിൽ ആശങ്ക. ഒട്ടേറെ കുടിവെള്ള പദ്ധതികൾ ആശ്രയിക്കുന്നത് പൂനൂർ പുഴയിലെ നീരോഴുക്കിനെയാണ്. മൊകായി-കരിന്തോറ കുടിവെള്ള പദ്ധതി പൂർണമായും ആശ്രയിക്കുന്നത് പൂനൂർപ്പുഴയിൽ കുഴിച്ച കിണറിനെയാണ്.
അതോടൊപ്പം തന്നെ സംസ്ഥാന വാട്ടർ അതോറിറ്റിയുടെ കീഴിൽ ആറായിരത്തോളം കുടുംബങ്ങളും സ്ഥാപനങ്ങളുമടക്കം ഒട്ടേറെ പൊതുസ്ഥാപനങ്ങളിലേക്കും ജലമെത്തിക്കുന്ന പദ്ധതിയാണിത്. ജൽജീവൻ മിഷൻപദ്ധതി പ്രവർത്തന സജ്ജമാവുന്നതോടെ ചാലിയാറിൽ നിന്നും ജലമെത്തിച്ച് നിലവിലുള്ള മൊകായി- കരിന്തോറ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന് തുടക്കം കുറിച്ചിരുന്നെ ങ്കിലും ഇത് എവിടെയുമെത്തിയിട്ടില്ല. തലയാട്, പൂനൂർ പുഴയോര ഭാഗങ്ങൾ ഇടിയുന്നതും ശരിയായ അതിർത്തികൾ നിർണയിച്ച് അരിക് കെട്ടാത്തതും പുഴ നശിക്കുന്നതിന് കാരണമാവു ന്നുണ്ട്. പ്രദേശവാസികളായ കുടുംബങ്ങളും വിദ്യാർഥികളും ഒട്ടേറെ സന്നദ്ധ സംഘടനകളും പുനൂർപ്പുഴ സംരക്ഷണത്തിന് വർഷങ്ങളായി രംഗത്തുണ്ട്. പുഴയെ സംരക്ഷിക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുകളും സംസ്ഥാനസർക്കാരും മുൻകൈയെ ടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.