
വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്‌തികരമെന്ന് പിതാവ്
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈകല്യങ്ങളുമായി ജനിച്ച നവജാത ശിശുവിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി കുഞ്ഞിൻ്റെ പിതാവ് അനീഷ് അറിയിച്ചു. വിദഗ്ധ സംഘത്തിന്റെ ഇടപെടൽ തൃപ്തികരമാണെന്നും തുടർ ചികിത്സ സംബന്ധിച്ച തീരുമാനം നിലവിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം ഉണ്ടാകുമെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാരിച്ച ചികിത്സ താങ്ങാൻ സാമ്പത്തിക ശേഷി ഇല്ലാത്തവരാണ് തങ്ങൾ. തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും എന്നാണ് പ്രതീക്ഷ. സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനും എതിരെ നടപടി ഉണ്ടാവണമെന്നും അനീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിൻ്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിൻ്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗർഭകാലത്ത് പലതവണ നടത്തിയെങ്കിൽ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.